ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു വളര്‍ത്തമ്മ മകളെ അടിച്ചുകൊന്നു
അമ്പാര: ശ്രീലങ്കയില്‍ ഹിന്ദു മാര്‍ഗ്ഗം ഉപേക്ഷിച്ച് ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിന് അമ്മ മകളെ അടിച്ചു കൊലപ്പെടുത്തി.
മെയ് 31-ന് ശ്രീലങ്കയിലെ അമ്പാര ജില്ലയില്‍ ജനനി (21) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ജനനി ഒരു ഹൈന്ദവ കുടുംബത്തിലെ മാതാപിതാക്കളുടെ വളര്‍ത്തു മകളായിരുന്നു. ജനനി കുറച്ചു നാള് മുമ്പ് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആത്മീക ജീവിതം നയിക്കാന്‍ തുടങ്ങി.
രഹസ്യമായാണെങ്കിലും പിന്നീട് വളര്‍ത്തമ്മ സംഭവം അറിഞ്ഞു. മാതാവ് ജനനിയെ വീട്ടില്‍വച്ച് ചോദ്യം ചെയ്യുകയും തര്‍ക്കിക്കുകയും ചെയ്തു. തന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ജനനി പറഞ്ഞപ്പോള്‍ കുപിതയായ മാതാവ് വീട്ടില്‍ കരുതി വെച്ചിരുന്ന പലക കഷണം എടുത്ത് മകളെ അടിക്കുകയായിരുന്നു.
മാരകമായി അടിയേറ്റു വീണ ജനനി തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് മാതാവ് തന്നെ ആരും അറിയാതെ ജനനിയുടെ ജഡം വീട്ടു വളപ്പില്‍ മറവു ചെയ്യുകയും പിന്നീട് മകളെ കാണാനില്ലെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ മാതാവ് കുറ്റം ഏറ്റു പറഞ്ഞു. ജനനി വിവാഹിതയായിരുന്നു. ഭര്‍ത്താവ് വിദശത്ത് ജോലി ചെയ്യുന്നുവെങ്കിലും ജനനി സ്വന്തം വീട്ടിലായിരുന്നു താമസം. ജനനിക്ക് നാലു വയസുള്ള ഒരു മകനുമുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

