അമിതമായ ഉല്‍ക്കണ്ഠ ശരീരത്തിനു വരുത്തുന്ന രോഗങ്ങള്‍
പലരും ഇന്ന് അമിതമായ ഉല്‍ക്കണ്ഠ അനുഭവിക്കുന്നവരാണ്. വേഗത്തിലുള്ള ശ്വസോച്ഛ്വാസം, നെഞ്ചിടുപ്പ്, കഴുത്തുവേദന, വിട്ടുമാറാത്ത തലവേദന എന്നിവ കണ്ടാല്‍ അത് പനിയുടെ ലക്ഷണമായി കരുതി നിസ്സാരവല്‍ക്കരിക്കരുത്.
ശരീരം പ്രകടിപ്പിക്കുന്ന അമിതമായ ഉല്‍ക്കണ്ഠയുടെ ലക്ഷണങ്ങള്‍ ആണിവ. ഉല്‍ക്കണ്ഠ മനസിനെ മാത്രമല്ല ബാധിക്കുന്നത് അത് ശരീരത്തെയും ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
ഉല്‍ക്കണ്ഠ അനുഭവപ്പെടുമ്പോള്‍ ശരീരത്തിലെ സിംപതറ്റിക് സിസ്റ്റം ഉണരുകയും
അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഈയൊരു പ്രക്രീയയിലൂടെ നെഞ്ചില്‍ ഒരു മുറുക്കവും പള്‍സ് റേറ്റ് ഉയരുകയും ചെയ്യുന്നത് ഉല്‍ക്കണ്ഠയുടെ പ്രാഥമിക ലക്ഷണങ്ങളാണ്.
ശ്വാസമെടുക്കുന്ന വേഗത കൂടുംതോറും അത് തലകറക്കത്തിലേക്കും കടുത്ത ക്ഷീണത്തിലേക്കും നയിക്കും.
സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ദഹന പ്രക്രീയ സാവധാനത്തിലാകുകയും രക്തയോട്ടം പേശികളിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഇത് ഓക്കാനം, വയര്‍വീക്കം, ഇടയ്ക്കിടെ ടോയ്ലറ്റില്‍ പോകേണ്ട അവസ്ഥ എന്നിവ ഉണ്ടാക്കുന്നു.
ശരീരത്തില്‍ പേശികള്‍ വലിഞ്ഞു മുറുകുന്നത് ഉല്‍ക്കണ്ഠയുടെ പ്രധാന ലക്ഷണങ്ങളാണ്. ഇത് പലപ്പോഴും കഴുത്ത് വേദനയ്ക്കും നടുവേദനയ്ക്കും കാരണമാകാറുണ്ട്.
വരാനിരിക്കുന്ന ഒരു അപകടത്തില്‍നിന്നു നമ്മെ സംരക്ഷിക്കാന്‍ ശരീരം സ്വയം തയ്യാറെടുക്കുന്നതുകൊണ്ടാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്.
ഇത് തിരിച്ചറിഞ്ഞ് കൃത്യമായ വിശ്രമവും പരിചരണവും ഉറപ്പാക്കിയാല്‍ ഈ അവസ്ഥയില്‍നിന്ന് പെട്ടന്ന് മുക്തി നേടാം.

