മുസ്ളീം ഭൂരിപക്ഷ ഗ്രാമങ്ങളില്‍ തീവ്രവാദ പ്രസംഗം അംഗീകരിക്കാത്തതിന് കൂട്ടക്കൊല; 170 മരണം
നൈജീരിയായിലെ പടിഞ്ഞാറന്‍ ക്വാറ സംസ്ഥാനത്തെ രണ്ട് മുസ്ളീം ഭൂരിപക്ഷ ഗ്രാമങ്ങളില്‍ തീവ്രവാദി പ്രസംഗം പ്രദേശവാസികള്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് തോക്കുധാരികള്‍ 170ഓളം പേരെ കൂട്ടക്കൊല ചെയ്യുകയും സ്വത്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച ആക്രമണം ഏകദേശം 10 മണിക്കൂറോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍. വോറോയിലും തുകുവിലുമായി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് രക്ഷപെട്ടവര്‍ പറയുന്നു.
ഇസ്ളാമിന്റെ സമൂലമായ വ്യഖ്യാന പ്രചാരണത്തിനായി ആഴ്ചകള്‍ക്കു മുമ്പ് താമസക്കാര്‍ക്ക് കത്തുകള്‍ നല്‍കിയിരുന്നു. പരമ്പരാഗത നേതാക്കളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി ഗ്രാമീണര്‍ കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തു.
അക്രമികള്‍ ഒരു പള്ളിയില്‍ കയറി പ്രാര്‍ത്ഥനയ്ക്കായി ആഹ്വാനം ചെയ്തു. തുടര്‍ന്ന് എത്തിയ വിശ്വാസികളെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിവരം.
മോട്ടോര്‍ ബൈക്കുകളില്‍ എത്തിയ തോക്കുധാരികള്‍ ഗ്രാമത്തില്‍ പലരെയും കൈകള്‍ പിന്നില്‍ കെട്ടിയിട്ട് കൊലപ്പെടുത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
വീടുകള്‍ തോറും കയറിയിറങ്ങി വെടിവെച്ചു. പലരെയും ജീവനോടെ ചുട്ടെരിച്ചുകൊന്നെന്നും ഗ്രാമവാസികള്‍ പറഞ്ഞു. കൊലപാതകത്തിനുശേഷം പ്രസിഡന്റ് ബോല ടിമുബു ഈ മേഖലയിലേക്ക് ഒരു സൈനിക ബറ്റാലിയനെ അയച്ചു.
38 പേരെ തട്ടിക്കൊണ്ടുപോയതായി ഒരു നിയമസഭാംഗം പറഞ്ഞു. മരണ സംഖ്യ 162 ആണെന്നാണ് നൈജീരിയന്‍ റെഡ്ക്രോസിലെ വക്താവ് പറയുന്ത്.
എന്നാല്‍ 170-ലധികം പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയില്‍ പറഞ്ഞു.

