എല്ലാ വിവാഹ മോചന കേസുകളിലും ജീവനാംശം അനുവദിക്കാനാവില്ല; ഡല്‍ഹി ഹൈക്കോടതി
ന്യൂഡെല്‍ഹി: എല്ലാ വിവാഹ മോചന കേസുകളിലും ജീവനാംശം അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹ മോചന സമയത്ത് സാമ്പത്തിക ഭദ്രതയുള്ള പങ്കാളിക്ക് ജീവനാംശം അനുവദിക്കാനാവില്ല.
ജീവനാംശം അനുവദിക്കുന്നത് ഓട്ടോമോറ്റിക് ആയ പ്രക്രീയ അല്ലെന്നും പങ്കാളി സാമ്പത്തികമായി സ്വയം പര്യാപ്തമാണെങ്കില്‍ അനുവദിക്കാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.
ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ ഗ്രൂപ്പ് എ ഓഫീസറായ യുവതി ജീവനാംശം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അഭിഭാഷകനായ ഭര്‍ത്താവില്‍നിന്ന് സ്ഥിരമായ ജീവനാംശവും നഷ്ടപരിഹാരവുമാണ് വിവാഹമോചന സമയത്ത് യുവതി ആവശ്യപ്പെട്ടത്.
2010-ല്‍ വിവാഹിതരായ ദമ്പതികള്‍ ഒരു വര്‍ഷം മാത്രമാണ് ഒരുമിച്ചു കഴിഞ്ഞത്. 2023 ഓഗസ്റ്റിലാണ് വിവാഹബന്ധം വേര്‍പെടുത്തിയത്.
ഭര്‍ത്താവിനോട് താന്‍ ക്രൂരത കാണിച്ചു എന്ന കുടുംബ കോടതിയുടെ നിരീക്ഷണത്തെ ചോദ്യം ചെയ്തതും ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനാംശം നിഷേധിച്ചതിനെതിരെയും ആണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
യുവതിക്ക് വിവാഹമോചനത്തോട് എതിര്‍പ്പുള്ളതായി തോന്നുന്നില്ല എന്നു നിരീക്ഷിച്ച കോടതി യുവതി സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് വിലയിരുത്തി.
വിവാഹബന്ധം വേര്‍പെടുത്തുന്നതിനെ എതിര്‍ക്കുന്നു എന്നു പറയുമ്പോള്‍ത്തന്നെ നിശ്ചിത തുക ലഭിച്ചാല്‍ വിവാഹമോചനത്തിനു സമ്മതിക്കാം എന്നാണ് പറയുന്നത്.

