നശിക്കുന്ന ആത്മാക്കളെക്കുറിച്ച് ഭാരപ്പെടുക (എഡിറ്റോറിയൽ)
ദൈവത്തിന്റെ സ്നേഹം തന്റെ സൃഷ്ടികളിലൊന്നായ മനുഷ്യവര്‍ഗ്ഗത്തിനു മുഴുവനും ലഭിക്കണമെന്ന് ദൈവം ഏറ്റവും ആഗ്രഹിക്കുന്നു. മറ്റു ജീവജാലങ്ങളേക്കാള്‍ ഏറ്റവും അധികം സ്നേഹം ലഭിക്കുന്നത് മനുഷ്യനാണ്.
ആദ്യ മനുഷ്യന്റെ പാപം നിമിത്തം ദൈവത്തില്‍നിന്നകന്നുപോയ മനുഷ്യവര്‍ഗ്ഗത്തെ ദൈവസന്നിധിയിലേക്കു വീണ്ടും അടുപ്പിക്കുന്നതിനായി ദൈവം ഏറ്റവും വലിയ ഒരു രക്ഷാപദ്ധതിയാണ് ആവിഷ്ക്കരിച്ചത്.
യഹോവയായ ദൈവം തന്റെ പുത്രനായ യേശുവിനെ ഈ പപപങ്കിലമായ ഭൂമിയിലേക്കയച്ചു. സകല മനുഷ്യരുടെയും പാപത്തിനു പരിഹാരമായി നിരപരാധിയായ യേശു സ്വയം കുറ്റമേറ്റെടുത്തു കാല്‍വറിയില്‍ യാഗമായിത്തീര്‍ന്നു. ഈ സ്നേഹമാണ് ലോകത്ത് പകരംവയ്ക്കുവാന്‍ സാധിക്കാത്ത ഏറ്റവും വലിയ സ്നേഹം.
പുതിയ നിയമത്തില്‍ ദൈവസ്നേഹത്തിനു നല്‍കിയിരിക്കുന്ന ഗ്രീക്കു പദം അഗാപ്പെ എന്നാണ്. പ്രവൃത്തികളാലും, ചിന്തകളാലും ദൈവത്തിന്റെ ശത്രുത്വത്തിനിരയായ പാപികളോട് ദൈവം പ്രദര്‍ശിപ്പിക്കുന്ന അസാധാരണ സ്നേഹമാണിത്.
(റോമ.5:10). ദൈവീകമായ അതേ സ്നേഹം തന്നെയാണ് പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിക്കുന്നത്.
അനര്‍ഹരും, അയോഗ്യരുമായ പാപികള്‍ക്കുവേണ്ടി നാമും നമുക്കു ലഭിച്ചിരിക്കുന്ന ദൈവീക സ്നേഹം പകര്‍ന്നു നല്‍കണം. ഇതുവരെയായി സത്യദൈവത്തെ യഥാര്‍ത്ഥമായി കണ്ടുമുട്ടാതെ, യേശുവില്‍ക്കൂടിയുള്ള ശരിയായ രക്ഷാമാര്‍ഗ്ഗം സ്വീകരിക്കാതെ ജീവിക്കുന്നവരെ കണ്ടെത്തി നമ്മില്‍ വസിച്ചിരിക്കുന്ന ദൈവീക സ്നേഹം പകര്‍ന്നു നല്‍കുന്നതാണ് നമ്മുടെ ഓരോരുത്തരുടെയും കടമ.
യേശുക്രിസ്തുവിന്റെ സ്നേഹം നമ്മളില്‍ അധിവസിക്കുമ്പോള്‍ രക്ഷിക്കപ്പെടാത്തവരുടെ രക്ഷയ്ക്കായുള്ള തീവ്രമായ വാഞ്ച ഉളവാകുന്നു.
നാം അലസത കാട്ടാതെ അവരെ ക്രിസ്തുവിങ്കലേക്കു നേടുമ്പോള്‍ അതാണ് ശരിയായ ദൈവസ്നേഹത്തിന്റെ പ്രവര്‍ത്തന ഫലം. ശരിയായ ദിശയിലൂടെ നാം പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ പ്രവര്‍ത്തി വിജയകരമായി നടക്കും.
ഇന്നു മറ്റുള്ളവരെ യേശുക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കാനാണെന്നപേരില്‍ എന്തെല്ലാമാണ് സമൂഹത്തില്‍ നടത്തിവരുന്നത്. മെഗാക്രൂസേഡുകള്‍, വമ്പിച്ച പരസ്യങ്ങളിലൂടെയുള്ള സുവിശേഷ പ്രവര്‍ത്തനങ്ങള്‍, ടെലിവിഷന്‍ പ്രസംഗങ്ങള്‍.
ഇതിനൊക്കെയായി ലക്ഷങ്ങളാണ് ഓരോരുത്തരും ചെലവഴിക്കുന്നത്. യേശു പാപികളെത്തേടി എത്തുകയാണ് ചെയ്തത്. ഇതുപോലെ സുവിശേഷ വാഹകരും പാപികള്‍ക്കായി ഇറങ്ങിത്തിരിക്കണം.
ഇന്നു വലിയ ആത്മീക സംഗമങ്ങള്‍ നടത്തുന്നതിന്റെ ഉദ്ദേശ്യം എല്ലാവരും സംഗമസ്ഥലത്തേക്ക് എത്തണം എന്നതാണ്. ഇതുകൊണ്ട് അവസരം ലഭിക്കുന്നതും, അത് പ്രയോജനപ്പെടുത്തുന്നതും വിശ്വാസികളും ശുശ്രൂഷകരും മാത്രമാണ്.
അവിശ്വാസികള്‍ ഇന്ന് വിശ്വാസികളുടെ ആത്മീക പ്രവര്‍ത്തനങ്ങളില്‍ പരസ്യമായി കടന്നുവരുവാന്‍ മടികാട്ടുന്നവരാണ്. പണ്ട് അതല്ലായിരുന്നു സ്ഥിതി.
അന്ന് അവരെ തടയുവാനും വിലക്കുവാനും മതസംഘടനകള്‍ ശക്തമല്ലായിരുന്നു. ഇന്ന് കാലം മാറി. മടിച്ചുനില്‍ക്കുന്നവരെയും, ആത്മീകദാഹത്തിനായി വലയുന്നവരേയും അവരുടെ വേദനകള്‍ മനസ്സിലാക്കി നമ്മിലുള്ള ദൈവസ്നേഹം അവര്‍ക്കു പകര്‍ന്നു നല്‍കിയാല്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ ഇടവരും.
ഇന്ന് ഗ്രാമങ്ങളിലെയും, ഇടുക്കുവഴികളിലെയും ഒറ്റപ്പെട്ട ഭവനങ്ങളില്‍ സുവിശേഷ ശബ്ദം അപരിചിതമാണ്. അവിടേക്കു പോകുവാന്‍ പലര്‍ക്കും മടിയാണ്.
സഭാ പരിപാലനത്തിന്റെ പേരില്‍ ആദ്യം ചെറിയ സഭകളും കലക്രമേണ വലിയ സഭകളിലേക്കും കണ്ണും നട്ടിരിക്കുന്ന ഇടയ ഉദയോഗസ്ഥന്മാര്‍ പെരുകുകയാണ്.
കഷ്ടപ്പെടുവാനും, ത്യാഗം സഹിക്കുവാനും മടിയാണ്. പട്ടിണിയില്ലാതെ ജീവിതം മുന്നോട്ടു പോകുന്നതിനാല്‍ നശിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളെക്കുറിച്ചുള്ള ആത്മഭാരം പലര്‍ക്കും അന്യമായിക്കൊണ്ടിരിക്കുന്നു. ദൈവസ്നേഹം സകല മനുഷ്യര്‍ക്കും അനുഭവസ്ഥമാകട്ടെ എന്നുള്ള ദര്‍ശനത്തോടെ പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം.
പാസ്റ്റര്‍ ഷാജി. എസ്.