ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പ്രധാന താവളം വാട്സാപ്പ്
ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്നവര്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന സാമൂഹ്യ മാധ്യമ പ്ളാറ്റ്ഫോം വാട്സാപ്പ് ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയും വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ട്. 2024-ലെ ആദ്യ മൂന്നു മാസം വാട്സാപ്പ് വഴി തട്ടിപ്പ് നേരിട്ടതുമായി ബന്ധപ്പെട്ട് 43,797 പരാതികളാണ് ലഭിച്ചത്.
ഇതേ കാലയളവില്‍ ടെലഗ്രാമിനെതിരെ 22,680 പരാതികളും ഇന്‍സ്റ്റഗ്രാമിനെതിരെ 19,800 പരാതികളും ലഭിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈബര്‍ ക്രിമിനലുകള്‍ ഗൂഗിള്‍ പ്ളാറ്റ്ഫോമുകളില്നിന്നാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ടാര്‍ഗറ്റ് ചെയ്ത പരസ്യങ്ങള്‍ സൃഷ്ടിച്ച് ഇരകളുടെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഗൂഗിള്‍ ആഡ്സ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
സംഘടിത കുറ്റകൃത്യങ്ങള്‍ക്കായി സ്പോണ്‍സേഡ് ഫേസ്ബുക്ക് ആഡും കുറ്റഴാളികള് ഉപയോഗിച്ചു വരുന്നുണ്ട്. നിയമ വിരുദ്ധ ആപ്പുകള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ലിങ്ക് ഷെയര്‍ ചെയ്യുന്നതാണ് പ്രധാന രീതി.
ഇതില്‍ ക്ളിക്ക് ചെയ്യുന്നതോടെ ഫോണിലെ ഡേറ്റ മുഴുവനായും ചോരും. സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടുവാനായി ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓഡിനേഷന്‍ സെന്റര്‍ (ഐ4സി) ഗൂഗിളും ഫേസ് ബുക്കുമായി ചേര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

