എഐ തൊഴില്‍ കവരും; ഇന്ത്യയില്‍ 26 ശതമാനവും ആഗോളതലത്തില്‍ 40 ശതമാനവും ബാധിക്കും
നിര്‍മ്മിത ബുദ്ധി (എഐ) വ്യാപകമായി ആളുകളുടെ തൊഴില്‍ കവരുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അടുത്തിടെ പുറത്തിറക്കിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആഗോളതലത്തില്‍ 40 ശതമാനവും ഇന്ത്യയില്‍ ഇത് 26 ശതമാനവും പ്രത്യക്ഷമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. വികസിത രാജ്യങ്ങളില്‍ 60 ശതമാനമാണ് തൊഴില്‍ നഷ്ടം.
ലോകത്ത് അസമത്വം വര്‍ദ്ധിക്കാന്‍ ഇത് കാരണണാകുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു. എഐ വ്യാപിക്കുമ്പോള്‍ തൊഴിലാളികളുടെ ആവശ്യം കുറയുകയും വേതനവും നിയമനവും കുറയുകയും ചെയ്യും.
ആഗോള തലത്തില്‍ എഐ സാങ്കേതിക വിദ്യ സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുക. എന്നിരുന്നാലും ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഇത് പ്രശ്നമായേക്കില്ല എന്നും വിശകലനം ചെയ്യുന്നു.
കാര്‍ഷിക മേഖലയില്‍ കൂടുതലായി ജോലി ചെയ്യുന്നത് സ്ത്രീകളാണ് എന്നതിനാലാണ് ഇത്. അതേ സമയം രാജ്യത്തെ മിക്ക മേഖലകളും എഐ പരിധിയില്‍ വരുന്നില്ലെന്ന് പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ പറയുന്നുണ്ട്.
ഇതിനു കാരണം രാജ്യത്തെ തൊഴിലാളികളില്‍ ഏറെയും കരകൌശല വിദഗ്ദ്ധര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയവരാണ് എന്നതിനാലാണെന്ന് വിലയിരുത്തപ്പെടുന്നു.
അതുകൊണ്ടുതന്നെ രാജ്യത്തെ അടിസ്ഥാന തൊഴില്‍ മേഖലയെ എഐ ബാധിച്ചേക്കില്ല. എന്നാല്‍ പ്രൊഫഷണലുകള്‍, മാനേജര്‍, ക്ളാര്‍ക്ക്, സാങ്കേതികവിഭാഗം ജീവനക്കാര്‍ എന്നിവര്‍ക്ക് നിര്‍മ്മിത ബുദ്ധി ഒരു ഭീഷണി തന്നെയാണ്. വികസിത രാഷ്ട്രങ്ങളിലാണ് എഐ സാങ്കേതിക വിദ്യ തൊഴില്‍ മേഖലയെ കാര്യമായി ബാധിച്ചിരിക്കുന്നത്.

