യു.എസ്. പള്ളിയിലെ വെടിവെയ്പിനു കാരണം വംശീയ വിദ്വേഷം
ചാള്‍സ്റ്റണ്‍ : അമേരിക്കയില്‍ പള്ളിയില്‍ യുവാവ് നടത്തിയ വെടിവെയ്പിനു കാരണം വംശീയ വിദ്വേഷം തലയ്ക്കു പിടിച്ചതാണെന്നു പോലീസ്.
ജൂണ്‍ 17-ന് ബുധനാഴ്ച രാത്രി സൌത്ത് കരോലിനയിലെ ചാള്‍സ്റ്റണിലുള്ള ആഫ്രിക്കന്‍ -അമേരിക്കന്‍ പള്ളിയായ ഇമ്മാനുവേല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ് എപ്പിസ്ക്കോപ്പല്‍ ചര്‍ച്ചിലാണ് വെടിവെയ്പ് നടന്നത്. സംഭവത്തില്‍ പ്രതിയായ ഡൈലാന്‍ റൂഫ് (21) നെ പോലീസ് അറസ്റ്റു ചെയ്തു.
പള്ളിയില്‍ പ്രവേശിച്ച റൂഫ് ഒരു മണിക്കൂറോളം ബൈബിള്‍ വായിക്കുന്നവര്‍ക്കൊപ്പം ഇരുന്ന ശേഷം പെട്ടന്ന് വെടിവെയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 8 പേര് സംഭവസ്ഥലത്തും, ഒരാള്‍ ആശുപത്രിയിലും മരിച്ചു. മരിച്ചവരില്‍ 6 പേര് സ്ത്രീകളാണ്. വെളുത്ത വംശജര്‍ക്ക് മേധാവിത്വം ആഗ്രഹിക്കുന്ന ആളാണ് റൂഫെന്ന് ഇയാളുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ സൂചിപ്പിക്കുന്നതായി പോലീസ് അറിയിച്ചു.
വര്‍ണ വിവേചനത്തെ പിന്തുണച്ചു സംസാരിക്കുന്ന ആളാണ് റൂഫെന്ന് സുഹൃത്ത് ഡാള്‍ട്ടണ്‍ ടൈലര്‍ എ.ബി.സി ന്യൂസിനോട് പറഞ്ഞു. ലോകത്ത് കറുത്ത വര്‍ഗ്ഗക്കാര്‍ വര്‍ദ്ധിക്കുന്നതിനാലാണ് അവരുടെ ആരാധനാലയത്തില്‍ വെടിവെയ്പ് നടത്തിയതെന്ന് പിടിയിലായ റൂഫ് സമ്മതിച്ചു.ഏതാനും ആഴ്ചകള്‍ക്കു മുമ്പ് റൂഫിനൊപ്പം മദ്യപിച്ചപ്പോള്‍ വെളുത്തവര്‍ക്കുവേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന് റൂഫ് പറഞ്ഞതായും സുഹൃത്ത് പറയുന്നു.
എന്തായാലും അമേരിക്കക്കാര്‍ക്ക് മാത്രമല്ല ലോകത്തിനുതന്നെ ഈ സംഭവം കളങ്കമായി മാറി. ലോകത്ത് മനുഷ്യ വര്‍ഗ്ഗം ഒന്നേയുള്ളു. ആദാമിന്റെ സന്തതിയായ മനുഷ്യവര്‍ഗ്ഗം കാലക്രമേണ കറുത്തവര്ഗ്ഗക്കാരായും, വെളുത്ത വര്ഗ്ഗക്കാരായും തീരുകയായിരുന്നു.
ഇതിനു കാലാവസ്ഥയ്ക്കും പ്രധാന പങ്കുണ്ട്. 21- നൂറ്റാണ്ടിലും വര്‍ണ്ണവിവേചന വ്യവസ്ഥയില്‍ ചിന്തിക്കുന്നവര്‍ക്ക് ദൈവം മാപ്പു നല്‍കില്ല. ദൈവം പത്രോസിനെ തുപ്പെട്ടി കാണിച്ചതുപോലെ ഇത്തരക്കാരായ ഓരോരുത്തരേയും കാണിച്ചെങ്കില്‍ നന്നായിരുന്നു.

