3 ഡി പ്രിന്റഡ് മത്സ്യം ഇനി ലാബില്‍ നിന്നു തീന്മേശയിലേക്ക്
ടെല്‍ അവീവ്: മനുഷ്യരില്‍ ഭൂരിഭാഗവും മത്സ്യതീറ്റ പ്രേമികളാണ്. അയല, മത്തി, നെയ്മീന് , ചൂര…. മുതലായവ ഇഷ്ട വിഭവങ്ങളാണ്. ഒരു ദിവസം മീന്‍ കിട്ടാതെ ഭക്ഷണം പോലും കഴിക്കാന്‍ ബുദ്ധിമുട്ടുന്നവരും ധാരാളം.
ഇവയൊക്കെ കടലില്‍നിന്നും കായലുകളില്‍നിന്നും, പുഴകളില്നിന്നുമൊക്കെയാണെങ്കിലും ഇനി പുത്തന്‍ യുഗത്തില്‍ അങ്ങനെയല്ല മത്സ്യം തീന് മേശയില്‍ വരാനിരിക്കുന്നത്. മത്സ്യത്തെ പ്രിന്റ് ചെയ്തെടുത്ത് വിഭവങ്ങള്‍ തയ്യാറാക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍ .
യിസ്രായേലിലെ സ്റ്റേക്ക് ഹോള്‍ഡര്‍ ഫുഡ്സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ലോകത്താദ്യമായി 3ഡി പ്രിന്റഡ് മത്സ്യത്തെ അവതരിപ്പിച്ച് ലോകത്തെ ഞെട്ടിച്ചത്. സമീപ കാലത്തായി ലാബില്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ബീഫിനെയും ചിക്കനെയും പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
അതുപോലെ 3 ഡി പ്രിന്റഡ് മത്സ്യത്തിന്റെ ഉത്ഭവവും ഇങ്ങനെതന്നെ. ലാബിലൊരുക്കിയ പ്രത്യേക സാഹചര്യത്തില്‍ കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്ന മാംസകോശങ്ങളില്‍ നിന്ന് രൂപപ്പെടുത്തുന്ന മത്സ്യ മാംസ കഷണങ്ങളാണ് കമ്പനി 3 ഡി പ്രിന്റ് ചെയ്ത് എടുക്കുന്നത്.
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഉമാമി മീറ്റ്സുമായി സഹകതരിച്ചാണ് ജീവനുള്ള മത്സ്യത്തെ കൊല്ലാതെ കൃത്രിമ മത്സ്യ മാംസം കമ്പനി നിര്‍മ്മിക്കുന്നത്.
ഗ്രൂപ്പര്‍ മത്സ്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കോശങ്ങള്‍ ഉമാമി മീറ്റ്സ് പ്രത്യേക ലബോറട്ടറി സാഹചര്യങ്ങളില്‍ മാംസവും കൊഴിപ്പുമാക്കി നിര്‍മ്മിച്ചെടുക്കുന്നു.
സ്റ്റോക്ക് ഹോള്‍ഡര്‍ കമ്പനി ഇവയെ പ്രത്യേക 3ഡി ബയോ പ്രിന്റുകള്‍ക്ക് അനുയോജ്യമായ ജൈവ മഷിയിലേക്കു ചേര്‍ക്കുന്നു. ഇവയുടെ പ്രവര്‍ത്തന ഫലമായി ശരിക്കുള്ള മത്സ്യത്തിന്റെ അതേ ഗുണങ്ങളുള്ള നേര്‍ത്ത മത്സ്യക്കഷണം ലഭിക്കുന്നു.
സസ്യ വിഭവങ്ങളും, പ്രോട്ടീന്‍ , പോളി സിക്കറൈഡുകള് , ഓര്‍ഗാനിക് സംയുക്തങ്ങള്‍ തുടങ്ങിയ ജൈവഘടകങ്ങളുമാണ് ഇവിടെ ജൈവ മഷിയായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവ ചെലവു കൂടിയ ഒരു പദ്ധതിതന്നെയാണ്.
ലോകത്ത് മത്സ്യ സമ്പത്ത് കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ ഭാവിയില്‍ ഇത്തരം നവീന സംവിധാനങ്ങള്‍ ആവശ്യമായി വരുമെന്നാണ് കമ്പനി പറയുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ സ്റ്റോക്ക് ഹോള്‍ഡര്‍ ഫുഡ്സ് കമ്പനി സന്ദര്‍ശിച്ച പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു 3ഡി പ്രിന്റഡ് മത്സ്യം വച്ച് തയ്യാറാക്കിയ വിഭവം പരീക്ഷിച്ചിരുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ ഇവ റെസ്റ്റോറന്റുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

