ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം
ന്യൂഡെല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ബാംഗ്ളൂര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ ഹര്‍ജി നല്‍കി.
നാഷണല്‍ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് മൈക്കിള്‍ വില്യംസ് എന്നിവര്‍ക്കൊപ്പമാണ് ആര്‍ച്ച് ബിഷപ്പ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍ സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയിലാണ് എസ്ഐടി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്.
പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്ക് പോലീസ് സംരക്ഷണം വേണമെന്നും ആക്രമണത്തിനിരയായവര്‍ക്ക് നിയമ പരിരക്ഷ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഹര്‍ജിക്കാരുടെ അവകാശ വാദങ്ങള്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.

