സുഗന്ധമുള്ള സോപ്പ് തേച്ചുള്ള കുളി കൊതുകു കടി ക്ഷണിച്ചു വരുത്തുമെന്ന് പഠനം
നല്ല സുഗന്ധമുള്ള സോപ്പ് തേച്ചുള്ള കുളി ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. നല്ല റോസാപ്പൂവിന്റെയും ചന്ദനത്തിന്റെയും സ്ട്രോബറിയുടെയുമെല്ലാം സുഗന്ധമുള്ള സോപ്പുകള്‍ വാങ്ങി കുളിക്കുന്നതില്‍ അഭിമാനിക്കുന്നവരാണ് പുത്തന്‍ തലമുറ.
എന്നാല്‍ ഒരു സംഘം ഗവേഷകര്‍ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് ഇത്തരം സോപ്പുകളുടെ ഉപയോഗം അല്പ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്നാണ്. എല്ലാ സോപ്പുകളുമില്ല, ചില സുഗന്ധമുള്ള സോപ്പുകള്‍ അപകടകാരികളായ കൊതുകുകളെ സോപ്പിന്റെ സുഗന്ധം ആകര്‍ഷിക്കുന്നുവെന്നാണ് കണ്ടെത്തല്‍ .
സോപ്പു തേച്ചുള്ള കുളി കഴിഞ്ഞ് വന്നിരിക്കുമ്പോള്‍ ഒരു സംഘം കൊതുകുകള്‍ നമ്മെ തലങ്ങും വിലങ്ങും കടിക്കുന്നത് സോപ്പിന്റെ സുഗന്ധത്തിന് കൊതുകുളെ ക്ഷണിച്ചു വരുത്തുന്നതില്‍ വലിയ പങ്കുണ്ടെന്ന് തെളിയിക്കുന്നു.
യു.എസിലെ വെര്‍ജീനിയ ടെക് സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് ലൈഫ് സയന്‍സിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട് ശാസ്ത്ര ജേണലായ ഐ സയന്‍സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആളുകളുടെ ശരീരത്തിന്റെ സ്വാഭാവിക ഗന്ധവും സോപ്പ് തേച്ചു കുളിച്ച ശേഷമുള്ള ഗന്ധവും ശേഖരിച്ചാണ് പഠനം നടത്തിയത്. വിവിധ ഗന്ധമുള്ള സോപ്പുകളില്‍ ഈ പരീക്ഷണം തുടര്‍ന്നു. ഡോവ്, ഡയല് , നേറ്റീവ്, സിംപിള്‍ ട്രൂത്ത് തുടങ്ങിയ പ്രമുഖ സോപ്പുകള്‍ ഉപയോഗിച്ചായിരുന്നു പഠനം.
പല ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണത്തില്‍ സോപ്പിന്റെ ഗന്ധം കൊതുകുകളെ ആകര്‍ഷിക്കുന്നതായി ഇവര്‍ കണ്ടെത്തി. ചില പ്രത്യേക ഗന്ധങ്ങള്‍ കൂടുതലായി ആകര്‍ഷിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞു.
മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക ഗന്ധവും സോപ്പു തേച്ചുള്ള ഗന്ധവും ശേഖരിച്ച് രണ്ടിടത്തായി വെച്ചായിരുന്നു പരീക്ഷണം. സ്വാഭാവിക ഗന്ധത്തേക്കാള്‍ സോപ്പു തേച്ചുള്ള ശരീരത്തിന്റെ ഗന്ധം തേടിയാണ് കൂടുതല്‍ കൊതുകുകളും എത്തിയത്.
കുളികഴിഞ്ഞശേഷം നമ്മുടെ ശരീര ഗന്ധത്തിലെ 60 ശതമാനവും സോപ്പിന്റെ ഗന്ധമാണുള്ളത്. നമ്മുടെ ശരീരത്തിലെ രാസവസ്തുക്കളും സോപ്പിലെ രാസവസ്തുക്കളും സംയോജിക്കുന്നുണ്ട്.
ഇത് കൊതുകിനെ ആകര്‍ഷിക്കുകയാണ് പതിവ്. പഴത്തിന്റെയും പൂവുകളുടെയും ഗന്ധമുള്ള സോപ്പുകള്‍ കൊതുകുകളെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്.
അതേ സമയം തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ഗന്ധമുള്ള സോപ്പുകള്‍ കൊതുകുകളെ ആകര്ഷിക്കുന്നില്ലെന്നു കണ്ടെത്തി.

