ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിന്റെ അപേക്ഷകളില്‍ തടസ്സവാദവുമായി കേന്ദ്രം
ന്യൂഡെര്‍ഹി: ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ 11.65 ലക്ഷം സ്കോളര്‍ഷിപ്പ് അപേക്ഷകളില്‍ തടസ്സവാദം ഉന്നയിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം.
ന്യൂനപക്ഷത്തിനായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി, പ്രൊഫഷണല്‍ സാങ്കേതിക കോഴ്സുകള്‍ക്കുള്ള മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ്, ബീഗം ഹസ്റത്ത് മഹല്‍ ദേശീയ സ്കോളര്‍ഷിപ്പ് എന്നീ അപേക്ഷകളിന്മേലാണ് പുന പരിശോധന വേണമെന്ന വാദവുമായി മന്ത്രാലയം രംഗത്തു വന്നത്.
ഈ നാലു സ്കോളര്‍ഷിപ്പുകള്‍ക്കായി 2022-23 അക്കാദമിക് വര്‍ഷം മൊത്തം ലഭിച്ചത് 18.18 ലക്ഷം അപേക്ഷകളാണ്. ഇതില്‍ പകുതിയിലേറെ അപേക്ഷകള്‍ക്കാണ് കേന്ദ്രം തടയിടുവാന്‍ ശ്രമിക്കുന്നത്.
ലഭിച്ചുകൊണ്ടിരിക്കുന്ന സ്കോളര്‍ഷിപ്പ് പുതുക്കാന്‍ നല്‍കിയ അപേക്ഷകള്‍ക്കും തടസ്സവാദം ഉന്നയിച്ചിട്ടുണ്ട്. അപേക്ഷകളിലെ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ വഴി തീര്‍ത്തില്ലെങ്കില്‍ സ്കോളര്‍ഷിപ്പ് മുടങ്ങും.
അപേക്ഷയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാത്ത സാഹചര്യം ഉണ്ടായാല്‍ 11 ലക്ഷത്തോളം ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മേല്‍ കരിനിഴല്‍ ഉണ്ടാകുന്ന അവസ്ഥ സംജാതമാകും.
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ വര്‍ഷം ജനുവരിയില്‍ അംഗീകാരം നല്‍കിയ അപേക്ഷകളിലാണ് മന്ത്രാലയം മാര്‍ച്ച് മാസത്തില്‍ തടസ്സം ഉന്നയിച്ചത്.
ഇതുവരെ മൊത്തം അപേക്ഷകളില്‍ 38.30 ശതമാനം മാത്രമാണ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതെന്നത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു.

