യു.എ.ഇയില്‍ കണ്ടെത്തിയത് പുരാതന ക്രിസ്ത്യന്‍ നഗരമായിരിക്കാമെന്ന് ഗവേഷകര്‍
യു.എ.ഇ.യിലെ സിന്നിയ ദ്വീപില്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ ഏറ്റവും പഴക്കം ചെന്ന പട്ടണം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
30 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന നിലയിലായിരുന്നു പട്ടണം. ആറാം നൂറ്റാണ്ടിന്റെ അവസാനത്തിനും എട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിനും ഏറെ സജീവമായിരുന്നതായും പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.
പുരാതന പട്ടണം കണ്ടെത്തിയ സിന്നിയാ ദ്വീപ് യു.എ.ഇ.ലെ അല്‍ -ഖുവൈന്‍ എമിറേറ്റിന് കിഴക്കായിട്ടാണ് കിടക്കുന്നത്. ആയിരക്കണക്കിനു ആളുകള്‍ ഈ പട്ടണത്തില്‍ താമസിച്ചിരിക്കാമെന്നാണ് കരുതപ്പെടുന്നത്.
അവരില്‍ പലരും മുത്ത് വ്യവസായത്തെ ആശ്രയിച്ചിരുന്നവരാണെന്നും വീടുകളുടെ മേല്‍ക്കൂരയ്ക്കായി ഈന്തപ്പനകള്‍ ഉപയോഗിച്ചിരുന്നതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നഗരവല്‍ക്കരിക്കപ്പെട്ട വാസസ്ഥലങ്ങളില്‍ ഒന്നാണ് ഈ പട്ടണമെന്ന് കരുതപ്പെടുന്നതായി ഉമ്മുല്‍ -ഖുവൈന്‍ ടൂറിസം ആന്‍ഡ് ആര്‍ക്കിയോളജി വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ ഒരു പുരാതന ക്രിസ്ത്യന്‍ ആശ്രമത്തിനു സമീപമാണ് കണ്ടെത്തിയ ഈ പട്ടണം. അതിനാല്‍ നഗരത്തിലെ താമസക്കാര്‍ ക്രിസ്ത്യാനികളായിരിക്കാമെന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ പറഞ്ഞു.
പശ്ചിമേഷ്യയില്‍ ഏഴാം നൂറ്റാണ്ടോടുകൂടിയാണ് ഇസ്ളാം മതം ശക്തിപ്രാപിച്ചത്.

