ബൈബിള്‍ വായനയ്ക്കു സമയം വേണം
വായനാശീലം മനുഷ്യര്‍ക്കു പൊതുവേ കുറഞ്ഞുവരുന്ന കാലഘട്ടമാണിത്. ക്രൈസ്തവരിലും അക്രൈസ്തവരിലും നല്ലൊരു ശതമാനം പേരിലും വായനാശീലം കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. ഇതിന് തങ്ങള്‍ക്ക് ആര്‍ക്കും സമയമില്ല എന്നതാണ് ചൂണ്ടിക്കാണിക്കുന്ന മുഖ്യ കാരണം. അതു ന്യായമായ കാരണമാണ്.
എന്തെന്നാല്‍ ജീവിതഭാരം മുമ്പത്തേക്കാളും ഇന്നു കൂടിയിരിക്കുകയാണ്. ജോലിയും, ശുശ്രൂഷകളും, കുടുംബ കാര്യങ്ങളും, മറ്റു ചുമതലകളും വളരെ കൃത്യതയോടെ ചെയ്തു തീര്‍ത്തില്ലെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് വായിച്ചറിയേണ്ട കാര്യങ്ങള്‍ ഇന്നു പലരും മൂടി വെയ്ക്കുകയാണ്.
ഇനി ഇതിനു മറ്റൊരു കാര്യവും കൂടിയുണ്ട്. ദൃശ്യമാധ്യമങ്ങളുടെ തള്ളിക്കയറ്റവും, ഇന്റര്‍നെറ്റുകളുടെയും, മൊബൈല്‍ ഫോണുകളുടെയും ശക്തമായ പ്രവാഹവും മനുഷ്യരെ പിടിച്ചു നിര്‍ത്തിയിരിക്കുന്നു. ആയതിനാല്‍ അച്ചടി ഗ്രന്ഥങ്ങളും, തങ്ങളുടെ മതഗ്രന്ഥങ്ങളും തുറന്നു നോക്കുവാന്‍ പോലും ജനത്തിനു സമയമില്ല എന്നതാണ് വാസ്തവം.
ലോകക്കാരെ നമുക്കു വിമര്‍ശിക്കേണ്ടതില്ല. കാരണം അവര്‍ക്കു നൈമിഷിക സുഖങ്ങളും സഭ്യമല്ലാത്ത പലതും അന്വേഷിക്കേണ്ടതുണ്ട്. അത് അവരുടെ കുറ്റമല്ല, സാഹചര്യങ്ങളും പാരമ്പര്യ ജീവിത ക്രമങ്ങളിലെ വൈകല്യങ്ങളുമാണ്, അതുകൊണ്ട് അവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ട്.
എന്നാല്‍ ക്രൈസ്തവരായ നാം അങ്ങനെ ജീവിതം തള്ളിനീക്കേണ്ടവരല്ല. നാം ലോകത്തുനിന്നും വേര്‍പെട്ട് ജീവിക്കുന്നവരാണ്. ജാതികളുടെ ജീവിതരീതി നമുക്കു നിഷിദ്ധമാണ്. നമ്മുടെ ആത്മാവിന്റെ രക്ഷയ്ക്കുതകുന്നതും ആത്മീക ജീവിതത്തിനു പ്രയോജനകരവുമായ ആശയങ്ങളും ഉപദേശങ്ങളും നിയമങ്ങളും നാം അനുഷ്ഠിക്കുവാന്‍ ബാധ്യസ്ഥരാണ്. അതിനുള്ള ഏക മാര്‍ഗ്ഗം വിശുദ്ധ വേദപുസ്തകമാണ്.
ഇതിനെ ബന്ധപ്പെടുത്തിയുള്ള ലക്ഷക്കണക്കിന് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ വിവിധ ദൈവദാസന്മാരിലൂടെ കര്‍ത്താവ് നമുക്ക് എത്തിച്ചു തന്നിട്ടുണ്ട്. അതൊക്കെ വാങ്ങുവാനോ വായിക്കുവാനോ ആത്മീകരെന്നു അഭിമാനിക്കുന്ന ബഹുഭൂരിപക്ഷത്തിനും സമയമില്ല എന്നതാണ് സത്യം.
അനാവശ്യ കാര്യങ്ങള്‍ക്ക് പണം വലിച്ചെറിയുവാന്‍ മടികാണിക്കാത്ത പെന്തക്കോസ്തുകാര്‍ തങ്ങളുടെ ഭവനങ്ങളില്‍ ആത്മപ്രചോദനം നല്കുന്ന എത്ര ക്രൈസ്തവ ഗ്രന്ഥങ്ങള്‍ വാങ്ങിവെച്ചിട്ടുണ്ടെന്നു ചിന്തിച്ചു നോക്കണം. സെക്കുലര്‍ മാധ്യമങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ കൊണ്ടും മിക്ക ഭവനങ്ങളിലെയും സ്വീകരണമുറികളും ഷെല്ഫുകളും നിറഞ്ഞിരിക്കുകയാണ്.
ദൈവവചനം വായിക്കുവാനോ ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ ഒന്നു തുറന്നു നോക്കുവാനോ ആര്‍ക്കും താല്‍പ്പര്യമില്ലാത്ത കാലമാണിത്. വിശുദ്ധ ബൈബിളില്‍ പരിശുദ്ധാത്മാവ് ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു “ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേള്‍പ്പിക്കുന്നവരും, കേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നത് പ്രമാണിക്കുന്നവരും ഭാഗ്യവാന്മാര് ” എന്നു കാണുന്നു. (വെളി. 1:3). നമ്മുടെ ജീവിതത്തില്‍ ദൈവവചനത്തിനു മര്‍മ്മപ്രധാനമായ സ്വാധീനമുണ്ട്.
ദൈവവചനമാണ് നമ്മെ വീണ്ടെടുക്കുവാനും ജീവിക്കുവാനും സാഹചര്യം ഒരുക്കിയത്. ആദിമസഭകളില് ദൈവവചനത്തിന്റെ പ്രതികളുടെ അഭാവമുണ്ടായിരുന്നു. എന്നാല്‍ ഇന്നു അതല്ല സ്ഥിതി ഏതു ഭാഷകളിലും വലിപ്പത്തിലും ബൈബിളുകള്‍ ലഭ്യമാണ്. സുവിശേഷ മാധ്യമങ്ങളും ലഭ്യമാണ്.
ഇത് നാം തിരസ്ക്കരിച്ച് മറ്റു കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്കിയാല് നിലനില്‍പ്പുണ്ടാവില്ല. ദൈവവചനവും നല്ല ക്രൈസ്തവ ഗ്രന്ഥങ്ങളും, പ്രസിദ്ധീകരണങ്ങളും നമ്മുടെ ആത്മീക സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു.
സുവിശേഷ മാധ്യമങ്ങളെ നാം തുച്ഛമായ സംഭാവനകളെങ്കിലും നല്കി പ്രോത്സാഹിപ്പിക്കുക. അതില്‍നിന്നു ലഭിക്കുന്ന അറിവ് നമ്മുടെ ജീവിതത്തിന് ഗുണകരമാകട്ടെ എന്നു പ്രത്യാശിക്കുന്നു.
പാസ്റ്റര്‍ ഷാജി. എസ്.

