മണ്ണിടിഞ്ഞ ഭാഗത്ത് യേശുവിന്റെ രൂപമെന്നു വിശ്വസിച്ച് പ്രാര്‍ത്ഥന
സാന്‍ഫ്രാന്‍സിസ്കോ: ക്രൈസ്തവ ആരാധന ജാതീയ ആചാരങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും രൂപഭാവമാക്കിമാറ്റുന്നതില്‍ മനുഷ്യര്‍ എക്കാലവും വളരെയധികം പരിഗണന നല്‍കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊളംബിയയിലെ സാന്‍ഫ്രാന്‍സിസ്കോ പുട്ടുമായോയില്‍ നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച കാടുപിടിച്ചു കിടന്ന ഒരു കുന്നിലെ മണ്ണിടിഞ്ഞുവീണു. തികച്ചും ആകസ്മികമായി സംഭവിച്ചത്. ലോകത്ത് കുന്നും മലയും ഉള്ളിടത്ത് മണ്ണിടിച്ചില്‍ ഉണ്ടാകാറുണ്ട് എന്നു എടുത്തു പറയേണ്ടതില്ലല്ലൊ. എന്തായാലും ചില ആളുകള്‍ അത് ശ്രദ്ധിച്ചു.
അല്‍പം അകലെ നിന്നു നോക്കിയാല്‍ മണ്ണിടിഞ്ഞ ഭാഗത്ത് യേശുവിന്റെ മുഖത്തിന്റെ രൂപം പോലെ ഒരു രൂപം കാണുന്നു എന്നാണ് ഇവരുടെ വാദം. വാര്‍ത്ത നാടെങ്ങും പരന്നു. സോഷ്യല്‍ മീഡിയകളിലും വാര്‍ത്ത അങ്ങാടിപാട്ടായി. ഇതു കേട്ട പലരും ഈ സ്ഥലത്തേക്ക് കുതിച്ചെത്തി പ്രാര്‍ത്ഥന കഴിച്ചു. ഭക്ത ജനപ്രവാഹം ഏറിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കുവാന്‍ പോലീസ് പാടുപെടുകയാണ്. ജനങ്ങളുടെ ഈ വിഡ്ഡിത്തംകണ്ട് ഏതായാലും ചില യുക്തിവാദികള്‍ രംഗത്തുവന്നിട്ടുണ്ട്.
യേശുവിന്റേതെന്ന് സ്ഥാപിച്ച് ഇന്ന് പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പണ്ട് ചില കലാകാരന്മാരുടെ ഭാവനയില്‍ വിരിഞ്ഞ കലാസൃഷ്ടികളാണ്. യേശുവിന്റെ ചിത്രമോ, രൂപമോ യേശുവിനെ നേരിട്ടു കണ്ടവര്‍ക്കല്ലാതെ ആര്‍ക്കും അറിയില്ലായിരുന്നു. അന്നും ചിത്രകാരന്മാരും കലാകാരന്മാരും ഉണ്ടായിരുന്നു.
പക്ഷേ ദൈവത്തിന്റെ പരിശുദ്ധാത്മാവ് യേശുവിന്റെയോ, യേശുവിന്റെ അമ്മയുടേയോ ശിഷ്യന്മാരുടെയോ രൂപങ്ങള്‍ ആരില്‍ക്കൂടിയും വരച്ചുകൊടുക്കുകയോ ശില്‍പ്പങ്ങളാക്കുകയോ ചെയ്തിട്ടില്ല. കാരണം വ്യക്തം അത് വിഗ്രഹാരാധനയ്ക്കു കാരണമായിത്തീരും. കര്‍ത്താവിനെ ആരാധിക്കേണ്ടത് ആത്മാവിലും സത്യത്തിലുമാണ്.
യാതൊരു രൂപങ്ങളോ ചിത്രങ്ങളോ വച്ച് യേശുവിന്റേതെന്ന് പറഞ്ഞ് ആരാധിക്കുന്നത് വിഗ്രഹാരാധന തന്നെയാണ്. അത് പാപമാണ്. യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് യേശുവിന്റെ അദൃശ്യ സാന്നിദ്ധ്യം അനുഭവിച്ചറിയുവാന്‍ സാധിക്കും. അല്ലാതെ പ്രകൃതിയിലൂടെ വരച്ചുകാട്ടി മനുഷ്യനെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യം ദൈവത്തിനില്ല. ഇന്ന് ലോകത്ത് നടക്കുന്ന ഇത്തരം അനാചാരങ്ങള്‍ സാത്താന്റെ പദ്ധതിയാണ്.

