മനുഷ്യനെ കൊല്ലുന്ന ബാക്ടീരിയ: ഗള്‍ഫ് കടല്‍ തീരങ്ങളില്‍ ജാഗ്രത
ദുബായ്: ഗള്‍ഫ് കടല്‍ത്തീരങ്ങളില്‍ മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന പ്രത്യേകതരം ബാക്ടീരിയ പെരുകുന്നതായി വാര്‍ത്ത:
ഇതിനെത്തുടര്‍ന്ന് ഗള്‍ഫ് മേഖലകളിലെ കടല്‍ത്തീരങ്ങളില്‍ വിനോദയാത്രയ്ക്ക് പോകുന്ന സഞ്ചാരികള്‍ക്ക് ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് ബാക്ടീരിയായിക്ക് എതിരെ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മനുഷ്യ ജീവന് ഭീഷണിയായി ഗള്‍ഫ് മേഖലകളില്‍ ‘വിബ്രിയോ വള്‍നിഫിക്കസ്’ എന്ന പ്രത്യേകയിനം ബാക്ടീരിയായാണ് പടരുന്നതായി കണ്ടെത്തിയത്. കടല്‍ത്തീരങ്ങളിലെത്തുന്നവരുടെ ശരീരത്തിലുള്ള ചെറിയ മുറിവുകളിലൂടെയും കടല്‍ ജലത്തിലൂടെയുമാണ് ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ കടന്നു കൂടുന്നത്.
പിന്നീട് രക്തത്തില്‍ ചേര്‍ന്ന് പ്രതിരോധ ശേഷിയെ തകര്‍ക്കും. കടല്‍ ജലത്തിനു ചൂടു പിടിക്കുമ്പോള്‍ വളരുന്ന ഈ ബാക്ടീരിയ നന്നായി വേവിക്കാത്ത കടല്‍ മത്സ്യങ്ങളിലൂടെയും മനുഷ്യ ശരീരത്തില്‍ കടക്കും.
ഇത്തരം ബാക്ടീരിയായുടെ ആക്രമണത്തില്‍ യു.എസില്‍ ഫ്ളോറിഡയില്‍ ഈ വര്‍ഷം രണ്ടു പേര്‍ മരിച്ചിരുന്നു. എട്ടോളം പേരാണ് പ്രത്യേകം രോഗാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. 18 മാസത്തിനിടയില്‍ ലോകത്ത് 39 പേരാണ് ബാക്ടീരിയായുടെ ആക്രമണത്തില്‍ മരിച്ചത്.