കിച്ചന്‍ സ്പോഞ്ച് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം
പണ്ടുകാലത്ത് അടുക്കളയില്‍ പാത്രങ്ങള്‍ കഴുകാനും മറ്റും ഉപയോഗിച്ചിരുന്നത് ചകിരിയായിരുന്നു. ആ സ്ഥാനത്ത് ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത് സ്പോഞ്ചുകളാണ്. ദിവസവും നാം അടുക്കളയില്‍ സ്പോഞ്ച് ഉപയോഗിക്കാറുണ്ട്.
സ്പോഞ്ചാണല്ലോ എന്നു കരുതി നിസ്സാരമാക്കാതെ ഇതിനെയും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കാരണം ടോയ്ലറ്റില്‍ ഉള്ളതിനേക്കാള്‍ രോഗാണുക്കശ് സ്പോഞ്ചില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് സ്പോഞ്ചിന്റെ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.
പലരും ചെയ്യുന്ന ഒരു തെറ്റ്- പാത്രം കഴുകുന്ന സ്പോഞ്ച് ഉപയോഗിച്ച് തന്നെ കിച്ചന്‍ കൌണ്ടര്‍ ടോപ്പുകളും സിങ്കും വൃത്തിയാക്കുന്നവരുണ്ട്. കൂടാതെ എണ്ണയോ മറ്റു ദ്രാവകങ്ങളോ തുടയ്ക്കാനും ഇതേ സ്പോഞ്ച് ഉപയോഗിക്കാറുമുണ്ട്. ഇത് തെറ്റാണ്.
കാരണം വ്യത്യസ്ത പ്രതലങ്ങളില്‍ നിന്നായി ഭക്ഷണാവശിഷ്ടങ്ങള്‍, എണ്ണ എന്നിവയ്ക്കൊപ്പം ബാക്ടീരിയകളെയും സ്പോഞ്ച് ആഗീരണം ചെയ്യും. ഇത് നാം ഉപയോഗിക്കുന്ന പാത്രങ്ങള്‍ കഴുകുന്ന സമയത്ത് അവയിലും കടന്നു കൂടുന്നതിന് കാരണമാകും.
അതിനാല്‍ ഓരോന്നിനും പ്രത്യേക സ്പോഞ്ചുകളാണ് ഉപയോഗിക്കേണ്ടത്. ഈ സ്പോഞ്ച് മാസങ്ങളോളം ഉപയോഗിക്കുന്നതും നല്ലതല്ല.
പുറമേ വൃത്തിയായി തോന്നിയാലും അവ ഉപയോഗിച്ചു തുടങ്ങുമ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ബാക്ടീരിയകള്‍ പെരുകും. അതുകൊണ്ട് പരമാവധി രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ സ്പോഞ്ച് മാറ്റണം.

