കെനിയയില്‍ 4 ക്രൈസ്തവരെ വെട്ടിക്കൊന്നു
നെയ്റോബി: കെനിയയില്‍ വിശ്വാസത്തിന്റെ പേരില്‍ തീവ്രവാദികള്‍ 4 ക്രൈസ്തവരെ വെട്ടിക്കൊന്നു.
വെള്ളിയാഴ്ച രാത്രി 9-ന് ലാമു കൌണ്ടിയില്‍ കമ്പാല കയ്റുവില്‍ ഒരു പ്രാദേശിക സഭയുടെ ശുശ്രൂഷകന്‍ ജോസഫ് കസീന (42) ഇദ്ദേഹത്തിന്റെ ബന്ധു ചങ്ങാവ മുത്തംബ, കഡീങ്ങി കത്തന (17), ജോസഫിന്റെ സഹോദരന്‍ ചാരോ കരിസ എന്നിവരാണ് ഇസ്ളാമിക തീവ്രവാദി സംഘടനയായ അല്‍ഖ്വയ്ദ ബന്ധമുള്ള സംഘത്തിന്റെ വാളിനിരയായത്.
മലേലി ഗ്രാമത്തില്‍ രാത്രിയോടെ മാരകായുധങ്ങളുമായെത്തിയ തീവ്രവാദികള്‍ ക്രൈസ്തവരുടെ വീട്ടില്‍ റെയ്ഡു നടത്തുകയും കൊല്ലപ്പെട്ട നാലുപേരെയും പുറത്തിറക്കി ഇസ്ളാമിക വചനങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിനു കഴിയാതിരുന്നതിനെത്തുടര്‍ന്നു കൊടുവാളുകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
ഇതില്‍ കൊല്ലപ്പെട്ട ചാരോ കരിസ മാനസിക ദൌര്‍ബല്യം അനുഭവിക്കുന്ന ആളാണ്. അക്രമികള്‍ വീടുകളിലെത്തിയ സമയത്ത് ബന്ധുക്കളായി ചിലര്‍ പുറത്തു പോയിരിക്കുകയായിരുന്നതിനാല്‍ മരണത്തില്‍നിന്നു രക്ഷപെടുകയായിരുന്നു.
മുമ്പും ഇതുപോലെയുള്ള ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. നിരവധി നിരപരാധികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നു വരികയാണെന്ന് കോസ്റ്റല്‍ പോലീസ് മേധാവി ലാറി കീങ്ങ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ അല്‍ഖ്വയ്ദയുടെ പങ്ക് ലാറി നിഷേധിക്കുകയാണ്.
പകരം പ്രാദേശിക പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് വാദിക്കുന്നത്. കന്നുകാലികളെ മേയ്ക്കുന്ന ഗോത്രവിഭാഗക്കാരായ മുസ്ളീങ്ങളും പ്രദേശത്തെ കര്‍ഷകരായ ക്രൈസ്തവരും തമ്മിലുള്ള പ്രശ്നങ്ങളുടെ ബാക്കി പത്രമാണ് കൊലപാതകമെന്നുമാണ് പോലീസിന്റെ വാദം.

