ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ഇഷ്ടാനുസരണം ഡിസൈന്‍ ചെയ്യാനുള്ള ആദ്യ പരീക്ഷണം വിജയം കണ്ടെത്തി
വാഷിംങ്ടണ്‍ : ജനിക്കാന്‍ പോകുന്ന സ്വന്തം കുഞ്ഞിനെ മാതാപിതാക്കളുടെ സ്വന്തം ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്തെടുക്കുവാനുള്ള ആദ്യ പരീക്ഷണം വിജയത്തിലേക്ക്.
അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ മനുഷ്യ ഭ്രൂണത്തിലെ ഡി.എന്‍ .എ. ഘടനയില്‍ മാറ്റം വരുത്താമെന്നു കണ്ടു പിടിച്ചതാണ് ആരോഗ്യ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
എന്നാല്‍ ഈ പരീക്ഷണം മനുഷ്യ വര്‍ഗ്ഗത്തിന്റെ സ്വാഭാവികതയില്‍ മാറ്റം വരുത്തുമെന്നും മെഡിക്കല്‍ എത്തിക്സ് ഇതിനെതിരാണെന്നും എതിര്‍ അഭിപ്രായം ഉയര്‍ന്നതോടെ വിഷയത്തില്‍ ശാത്രലോകം രണ്ടു തട്ടിലായി.
ഭ്രൂണാവസ്ഥയില്‍ ഡി.എന്‍ .എയില്‍ മാറ്റം വരുത്താമെന്ന അവസ്ഥ വരുന്നതോടെ പാരമ്പര്യമായി പകരുന്ന പല രോഗങ്ങളും തടയാനാകുമെന്നാണ് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞന്മാരുടെ വാദം. പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹീമോഫീലിയ, തലാസീമിയ, ഡൌണ്‍ സിന്‍ഡ്രോം തുടങ്ങി ക്യാന്‍സര്‍ രോഗങ്ങള്‍ക്കു വരെ ഈ പരീക്ഷണംകൊണ്ട് ഗുണമുണ്ടാകും.
നിലവില്‍ ഹൃദയാഘാതത്തിന് കാരണമായേക്കാവുന്ന ഒരു ഉള്‍പരിവര്‍ത്തനം സംഭവിച്ച ഡി.എന്‍ .എ ആണ് മനുഷ്യ ഭ്രൂണത്തില്‍നിന്നും വേര്‍തിരിച്ചത്. എന്നാല്‍ ഘടനാമാറ്റം വരുത്തിയ ഭ്രൂണത്തെ വൈദ്യശാസ്ത്രത്തിലെ മൂല്യങ്ങള്‍ പരിഗണിച്ച് നിലവില്‍ സ്ത്രീകളില്‍ പരീക്ഷിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.
ഇത്രയൊക്കെ വിജയമാണെങ്കിലും ഈ പരീക്ഷണം സംബന്ധിച്ചുള്ള അപകടങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞര്‍ ബോധവാന്മാരാണ്.
ജീന്‍ എഡിറ്റിംഗ് എന്നത് എല്ലാകാലത്തും അപകടം പിടിച്ചതാണെന്നും ഇതിനെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ വന്‍ ദുരന്തത്തിലേക്കായിരിക്കും ചെന്നെത്തുകയെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
അമേരിക്കയിലെ ഒറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പരീക്ഷണത്തിനു പിന്നില്‍ .