അവകാശികളില്ലാതെ ബാങ്കുകളില്‍ കിടക്കുന്നത് 67,000 കോടി രൂപ
രാജ്യത്തെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 67,000 കോടി രൂപയുടെ നിക്ഷേപങ്ങളെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 29 ശതമാനം എസ്ബിഐയിലാണ്.
പത്ത് വര്‍ഷമായി ഉപയോഗിക്കാതെ സേവിംഗ്സ്, കറണ്ട് അക്കൌണ്ടുകളിലെ പണവും കാലാവധി കഴിഞ്ഞ് 10 വര്‍ഷമായിട്ടും അവകാശികളെത്താത്ത 630 നിക്ഷേപങ്ങളുമാണ് അണ്‍ക്ളെയിംസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
ഇന്‍ഷുറന്‍സ് പോളിസികള്‍, ബാങ്ക് നിക്ഷേപങ്ങള്‍, ഓഹരി ലാഭവിഹിതം, ഓഹരികള്‍, പെന്‍ഷന്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവയിലാണ് അവകാശികളില്ലാതെ ഏറെ പണം കിടക്കുന്നത്. ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും അവകാശികളില്ലാതെ കിടക്കുന്ന മൊത്തം തുക 1.85 ലക്ഷം കോടിയാണ്.
ഇത്തരം പണം ഉടമകളെ കണ്ടെത്തി കൈമാറാന്‍ ലക്ഷ്യമിടുന്ന പ്രചാരണം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ പണം നിങ്ങളുടെ അവകാശം എന്ന പേരില്‍ മൂന്നു മാസം നീളുന്ന ദേശീയ പ്രചാരണത്തിലൂടെ അവകാശികളെ കണ്ടെത്തി തുക പൂര്‍ണമായും കൈമാറാനാണ് ലക്ഷ്യമെന്നും ഗുജറാത്തിലെ ഗാന്ധി നഗറില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സീതാരാമന്‍ പറഞ്ഞു.
കഷ്ടപ്പെട്ട് സമ്പാദിച്ച പണം യഥാര്‍ത്ഥ ഉടമയിലേക്കോ അവരുടെ കുടുംബത്തിലേക്കോ എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

