വ്യാജ മതനിന്ദാ കേസില്‍ 13 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം വീട്ടിലെത്തിയ പാസ്റ്റര്‍ മരിച്ചു
ലാഹോര്‍: വ്യാജ മതനിന്ദാ കേസില്‍ 13 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കുറ്റവിമുക്തനാക്കപ്പെട്ട പാസ്റ്റര്‍ വീട്ടിലെത്തി മൂന്നാം ദിവസം മരിച്ചു.
ജീസസ് വേള്‍ഡ് മിഷന്‍ ചര്‍ച്ച് മിനിസ്ട്രിയുടെ സ്ഥാപകനായ പാസ്റ്റര്‍ സഫര്‍ ഭട്ടി (62) യാണ് ഞായറാഴ്ച (ഒക്ടോബര്‍ 5) പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടിയിലുള്ള വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്.
വനാബ് ബീവിയാണ് ഭാര്യ. ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു.
ഒക്ടോബര്‍ 2-ന് ലാഹോര്‍ ഹൈക്കോടതിയുടെ റാവല്‍പിണ്ടി ബഞ്ച് ഭട്ടിയുടെ ദൈവദൂഷണ കുറ്റം റദ്ദാക്കിയതിനെത്തുടര്‍ന്ന് അദ്ദേഹം അഡിയാല ജില്ലാ ജയിലില്‍നിന്ന് മോചിതനായി.
പ്രവാചകന്‍ മുഹമ്മദിനെ അനാദരിക്കുന്ന തരത്തിലുള്ള ടെക്സ്റ്റ് സന്ദേശങ്ങള്‍ അയച്ചതായി ഒരു ഇസ്ളാമിക പുരോഹിതന്‍ ആരോപിച്ചതിനെത്തുടര്‍ന്ന് 2012 ജൂലൈയില്‍ ഭാട്ടിയെ അറസ്റ്റു ചെയ്തിരുന്നു.
2017 മെയ് 3-ന് ഒരു വിചാരണ കോടതി ഭട്ടിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍ 2022-ല്‍ അദ്ദേഹത്തിന്റെ ശിക്ഷ വധശിക്ഷയായി ഉയര്‍ത്തി.
വര്‍ഷങ്ങളായി ഭട്ടിയുടെ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഗുരുതരമായ ആശങ്കയുണ്ടാക്കിയിരുന്നുവെന്നും
പ്രമേഹം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ ഗുരുതരമായി ബാധിച്ചിരുന്നുവെന്നും ഭട്ടിയുടെ കേസുമായി സഹകരിച്ചിരുന്ന നീതിന്യായ ഗ്രൂപ്പായ ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ പറഞ്ഞു.

