ഇറാനില്‍ മൊസാദ് കൂലിപ്പടയാളികള്‍ എന്നാരോപിച്ച് 53 ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു
ടെഹ്റാന്‍: ഇറാനില്‍ 53 ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തതായി ഇറാന്റെ ഇന്റലിജന്‍സ് മന്ത്രാലയം പ്രഖ്യാപിച്ചു.
യിസ്രായേലുമായുള്ള 12 ദിവസത്തെ യുദ്ധം എന്നറിയപ്പെടുന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ജൂണ്‍ മുതല്‍ നടത്തിയ റെയ്ഡിലാണ് ഇത്രയും വിശ്വാസികളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ഇറാനിയന്‍ അധികാരികള്‍ ഒരു പ്രസ്താവനയില്‍ കസ്റ്റഡിയിലെടുത്തവരെ യിസ്രായേലിന്റെ ചാര സംഘടനയായ മൊസാദിന്റെ കൂലിപ്പടയാളികള്‍ എന്ന് വിശേഷിപ്പിച്ചു.
സയണിസ്റ്റ് ക്രിസ്ത്യന്‍ സുവിശേഷ പ്രസ്ഥാനത്തിന്റെ മറവില്‍ വിദേശ സഭകളില്‍നിന്ന് പരിശീലനം നേടിയതായി അവരെ കുറ്റപ്പെടുത്തുകയും സംഘം സുരക്ഷയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ആയുധങ്ങള്‍ പിടിച്ചെടുത്തതായി അധികാരികള്‍ അവകാശപ്പെടുന്നു.
ഇറാനിലെ മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന ഒരു സംഘടനയായ ആര്‍ട്ടിക്കിള്‍ 18 പറയുന്നതനുസരിച്ച് അറസ്റ്റിലായ 53 ക്രിസ്ത്യാനികളില്‍ 11 പേരെയെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു.
അയല്‍ രാജ്യത്ത് ആരാധനയ്ക്കായി ഒത്തുകൂടിയ 40-ലധികം പേര്‍ ഇപ്പോഴും ജയിലിലാണ്. മതപരിവര്‍ത്തന നിരോധനവും പീഢന സാദ്ധ്യതയും കാരണം നിരവധി പുതിയ ക്രിസ്ത്യാനികള്‍ ആത്മീകമായ പിന്തുണയ്ക്കായി അയല്‍രാജ്യങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നു.
ചാരവൃത്തി കുറ്റകൃത്യങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട നിരപരാധികളായ എല്ലാവരെയും ന്യായവിചാരണ നിഷേധിക്കുകയും കഠിനമായ പീഢനങ്ങള്‍ക്കു വിധേയരാക്കുകയും സ്വതന്ത്ര്യം ലഭിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നതായി ആര്‍ട്ടിക്കിള്‍ 18-ന്റെ ഡയറക്ടര്‍ മന്‍സൂര്‍ ബേര്‍ജി ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.