റോമന്‍ പടയാളികളുടെ പുരാതന പടച്ചട്ട പുനഃസൃഷ്ടിച്ചു
ലോകം കണ്ട എക്കാലത്തെയും ശക്തമായ ഭരണകൂടമായ റോമന്‍ സാമ്രാജ്യത്തിലെ പടയാളികള്‍ ഉപയോഗിച്ചിരുന്ന അപൂര്‍വ്വമായ പടച്ചട്ട പുനര്‍നിര്‍മ്മിച്ചതായി പുരാവസ്തു ഗവേഷകര്‍ .
2020-ല്‍ വടക്കു കിഴക്കന്‍ തുര്‍ക്കിയില്‍ കണ്ടെത്തിയ ചരിത്ര ശേഷിപ്പുകളില്‍നിന്നാണ് ലോഹ ശല്‍ക്കങ്ങള്‍ തുന്നിച്ചേര്‍ത്ത പടച്ചട്ട തുര്‍ക്കിയിലെ ഗവേഷകര്‍ പുനഃസൃഷ്ടിച്ചത്.
പടച്ചട്ടയുടെ അവശിഷ്ടങ്ങള്‍ മണ്ണില്‍ പൂണ്ടു കിടക്കുന്ന നിലയിലായിരുന്നു. അവിടത്തെ മണ്ണു സഹിതം ലബോറട്ടറിയില്‍ എത്തിച്ച് എക്സ്റേ, ട്രോമോഗ്രാഫി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. അതുവഴി വീണ്ടെടുത്ത പടച്ചട്ടയില്‍ ലോഹ ശല്‍ക്കങ്ങള്‍ കൂടി ഗവേഷകര്‍ ചേര്‍ക്കുകയുണ്ടായി.
നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള റോമന്‍ പടയാളികളുടെ പടച്ചട്ട ഈ വിധം പുനര്‍നിര്‍മ്മിക്കാന്‍ മൂന്നു വര്‍ഷത്തോളം വേണ്ടി വന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
വടക്കു കിഴക്കന്‍ തുര്‍ക്കിയിലെ ഗമുഷാനെ പ്രവിശ്യയിലെ പുരാതന നഗരമായ സത്താലയില്‍ വര്‍ഷങ്ങളായി ഗവേഷണ ഉല്‍ഖനന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്.
ഇവിടെനിന്നു കണ്ടെത്തിയ പടച്ചട്ട ഉള്‍പ്പെടയുള്ള വസ്തുക്കള്‍ റോമന്‍ സൈനിക മേഖലയിലേക്കു വെളിച്ചം വീശുന്നവയാണെന്നു പുരാവസ്തു ഗവേഷകര്‍ പറയുന്നു.

