വായു മലിനീകരണം; ഇന്ത്യാക്കാരന്റെ ആയുസ്സില്‍ 5.3 വര്‍ഷം കുറയുന്നു

വായു മലിനീകരണം; ഇന്ത്യാക്കാരന്റെ ആയുസ്സില്‍ 5.3 വര്‍ഷം കുറയുന്നു

Breaking News Health India

വായു മലിനീകരണം; ഇന്ത്യാക്കാരന്റെ ആയുസ്സില്‍ 5.3 വര്‍ഷം കുറയുന്നു

ന്യൂഡെല്‍ഹി: വായു മലിനീകരണത്തിലുണ്ടാകുന്ന വര്‍ദ്ധനവു മൂലം ഇന്ത്യാക്കാരുടെ ആയുസ്സ് കുറയുന്നതായി പഠനം. രാജ്യത്തെ വായു മലിനീകരണം മൂലം ഇന്ത്യന്‍ പൌരന്മാരുടെ ആയുര്‍ദൈര്‍ഘ്യം ശരാശരി 5.3 വര്‍ഷം കുറയുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍ ‍.

വായു മലിനീകരണത്തോത് ഉയര്‍ന്നു നില്‍ക്കുന്ന ഡല്‍ഹിയില്‍ ജീവിക്കുന്നവരുടെ ആയുസ്സിന്റെ 11.9 വര്‍ഷമാണ് നഷ്ടപ്പെടുക.

ചിക്കാഗോ സര്‍വ്വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ എയര്‍ ക്വാളിറ്റി ലൈഫ് ഇന്‍ഡക്സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒരു ക്യുബിക് മീറ്ററില്‍ അഞ്ച് മൈക്രോ ഗ്രാം വരെയാണ് ലോകാരോഗ്യ സംഘടന പറയുന്ന വായു മലിനീകരണത്തിന്റെ സുരക്ഷിത അളവ്. അതിനേക്കാള്‍ പത്തിരട്ടി കൂടുതലാണ് ഇന്ത്യയിലെ വായു മലിനീകരണം.

നിലവില്‍ നിശ്ചയിച്ചിട്ടുള്ള ദേശീയ അന്തരീക്ഷ വായു ഗുണനിലവാര തോതായ ഒരു ക്യുബിക് മീറ്ററില്‍ 40 മൈക്രോഗ്രാം എന്ന അളവെങ്കിലും പാലിച്ചില്ലെങ്കില്‍ ഇന്ത്യാക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ ശരാശരി 1.8 വര്‍ഷത്തെ കുറവ് സംഭവിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡല്‍ഹിയിലെ അവസ്ഥ പരിശോധിക്കുമ്പോള്‍ 8.5 വര്‍ഷം വരെ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍ ‍. ലോകത്ത് വായു മലിനീകരണം ഏറ്റവും കൂടുതലുള്ള ആദ്യ 50 നഗരങ്ങളെടുത്താല്‍ അതില്‍ 39 എണ്ണവും ഇന്ത്യയിലാണ്.

ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. ഒരു ക്യുബിക് മീറ്ററില്‍ 53.3 മൈക്രോഗ്രാമാണ് ഇന്ത്യയിലെ വായു മലിനീകരണ തോത്.