സ്വര്‍ഗ്ഗത്തിലെത്താന്‍ ഉപവാസ മരണം; 600 ലധികം പേരെ കാണാതായി, 201 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
നെയ്റോബി: സ്വര്‍ഗ്ഗത്തിലെത്താന്‍ സ്വന്തം അനുയായികളെ പട്ടിണി കിടന്നു മരിക്കാന്‍ പ്രേരിപ്പിച്ച കെനിയയിലെ ദുരുപദേശ സഭയിലെ വിശ്വാസികളില്‍ 600 പേരെ കാണാതാകുകയും 201 പേരോളം മരിച്ചതായും സംശയം.
തെക്കു കിഴക്കന്‍ കെനിയയിലെ തീരദേശ നഗരമായ മാലിന്ദിക്കടുത്തുള്ള ഷക്കഹോല ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചു വന്ന ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച് എന്ന ദുരുപദേശ പ്രാസ്ഥാനത്തിന്റെ ചീഫ് പാസ്റ്റര്‍ പോള്‍ എന്തെന്‍ഗെ മക്കന്‍സി നേതൃത്വം നല്‍കുന്ന സഭയുടെ വിശ്വാസികളാണ് മരണപ്പെട്ടത്.
വേഗം യേശുക്രിസ്തുവിനെ കാണാനായി ഉപവാസം അനുഷ്ഠിക്കണമെന്നും, അതിനാല്‍ ഭക്ഷണവും വെള്ളവും കഴിക്കാതെ വനത്തില്‍ കഠിന ഉപവാസം അനുഷ്ഠിക്കപ്പെട്ടവരാണ് മരണപ്പെട്ടത്. മൂന്ന് ആഴ്ചയ്ക്കു മുമ്പായിരുന്നു ഈ ദുരന്ത സംഭവം ലോക ശ്രദ്ധ നേടിയത്.
ഇതോടെ പോള്‍ മക്കന്‍സിയും നടത്തിപ്പുകാരായ മറ്റു നേതാക്കളും അറസ്റ്റു ചെയ്യപ്പെട്ടു. ഇവര്‍ റിമാന്‍ഡിലാണ്. സംഭവം ഇവര്‍ നിഷേധിക്കുന്നുണ്ട്.
ഈ ദുരുപദേശക സഭയുടെ ഡെപ്യൂട്ടി പാസ്റ്ററായ ടൈറ്റസ് കറ്റാന ഈ സംഘവുമായി തെറ്റിയിരുന്നു. ഇദ്ദേഹം കൂടുതല്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തി.
കുട്ടികളെയാണ് ആദ്യം ലക്ഷ്യം വച്ചിരുന്നത്. കുട്ടികള്‍ക്ക് ആഹാരവും വെള്ളവും നല്‍കാതെ കടുത്ത വെയിലില്‍ പട്ടിണിക്കിട്ടു. എതിര്‍ത്തവരെ ക്രൂരമായി ഉപദ്രവിച്ചു. ഇങ്ങനെ പലരും മരിച്ചു.
ചിലരെ ആഹാരവും വെള്ളവും നല്‍കാതെ കുടിലുകള്‍ക്കുള്ളില്‍ അടച്ചിടുകയുണ്ടായി. വിദ്യാഭ്യാസ സബ്രദായത്തെ എതിര്‍ത്തു സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്ത്രീകള്‍ പ്രസവ സമയത്ത് വൈദ്യ സഹായം തേടരുത്, മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കരുത്, ഇതൊക്കെ സാത്താന്‍ വകയാണെന്നാണ് വിശ്വാസികളെ ധരിപ്പിച്ചിരിക്കുന്നത്.
മരിക്കുന്നവരെ കുഴിച്ചിടാന്‍ പോള്‍ മക്കന്‍സി തന്നെ മുന്‍കൈ എടുത്തു. ഇത്തരത്തില്‍ മരിച്ചവരുടെ ജഡം പോസ്റ്റ് മാര്‍ട്ടം നടത്തിയപ്പോള്‍ പട്ടിണി, ശ്വാസം മുട്ടല്‍ , മര്‍ദ്ദനം എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി.
പോലീസ് മൃതദേഹങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ടൈറ്റസ് നേരത്തെ തന്നെ അന്വേഷണം ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .

