കര്‍ത്താവിനായി ഏല്‍പ്പിച്ചു കൊടുക്കുക

കര്‍ത്താവിനായി ഏല്‍പ്പിച്ചു കൊടുക്കുക

Articles Breaking News Editorials

കര്‍ത്താവിനായി ഏല്‍പ്പിച്ചു കൊടുക്കുക
ഒരു ക്രൈസ്തവ വിശ്വാസി ക്രിസ്തുയേശുവിന്റെ വിളിയുടെയും തിരഞ്ഞെടുപ്പിന്റെയും അര്‍ത്ഥം മനസ്സിലാക്കിയാണ് ജീവിക്കേണ്ടത്.

യേശു ശിഷ്യന്മാരെ തിരഞ്ഞെടുത്തത് യേശുവിന്റെ ഇഷ്ടത്തിനും അഭിപ്രായങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുവാനും, ജീവിക്കുവാനും വേണ്ടിയാണ്.

വിളിക്കപ്പെട്ട ശിഷ്യന്മാര്‍ക്കും ആ അവബോധം മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അവര്‍ പെന്തക്കോസ്തു നാളില്‍ പരിശുദ്ധാത്മാവ് പ്രാപിച്ചശേഷം യേശുവിന്റെ അന്ത്യ കല്‍പ്പനകള്‍ നിറവേറ്റുവാനായി വിവിധ രാജ്യങ്ങളില്‍ പോയി പ്രസംഗിച്ചത്.

പാപത്തിന്റെ അന്ധകാരത്തില്‍ കേവലം ഭൌതീക കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിച്ച ശിഷ്യന്മാര്‍ പിന്നീട് അതെല്ലാം ത്യജിച്ച് ആത്മീക വിപ്ളവത്തിനായി പോരാടുന്ന കാഴ്ചയാണ് ലോകം കണ്ടത്.

തങ്ങളുടെ ജീവിതം മുഴുവനും കര്‍ത്താവിനുവേണ്ടി സമര്‍പ്പിച്ച ശിഷ്യന്മാര്‍ മരണത്തോളം വിശ്വാസജീവിതത്തില്‍ അടിയുറച്ചു നിന്നു. ലോകത്ത് കര്‍ത്താവിനുവേണ്ടി അവര്‍ വളരെ അദ്ധ്വനിച്ചു, കഷ്ടതകള്‍ അനുഭവിച്ചു.

തങ്ങളുടെ വിലയേറിയ ജീവനെ നല്‍കി. അതുമൂലം സുവിശേഷം സര്‍വ്വ ലോകത്തിലും വ്യാപരിക്കുകയുണ്ടായി. കോടിക്കണക്കിന് ആത്മാക്കള്‍ക്ക് പാപമോചനവും രക്ഷയും ലഭിച്ചു.

യേശുവിന്റെ ശിഷ്യന്മാരിലൂടെ, കര്‍ത്താവിന്റെ ദാസന്മാരിലൂടെ ദൈവപ്രവൃത്തി വെളിപ്പെട്ടു. രണ്ടു സഹസ്രാബ്ദങ്ങള്‍ പിന്നിട്ടപ്പോഴും ദൈവപ്രവൃത്തികള്‍ക്ക് മാറ്റമുണ്ടായില്ല.

കര്‍ത്താവിന്റെ മടങ്ങിവരവുവരെയും ഈ ദിവ്യ പ്രവര്‍ത്തനങ്ങള്‍ ഭൂമിയില്‍ നിറവേറിക്കൊണ്ടിരിക്കും. അത് ദൈവത്തിന്റെ വാഗ്ദത്തമാണ്.

ദേശത്തിനും ഭാഷയ്ക്കും അതിരുകളില്ലാതെ ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ ഇന്നും നിറവേറിക്കൊണ്ടിരിക്കുകയാണ്. കര്‍ത്താവിലുള്ള വിശ്വാസത്താല്‍ അനുഗ്രഹങ്ങള്‍ പ്രാപിച്ചുകൊണ്ടിരിക്കുന്ന ദൈവ ജനം വളരെ പ്രത്യാശയോടെയാണ് കര്‍ത്താവിന്റെ വരവിനായി ഒരുങ്ങിയിരിക്കുന്നത്.

ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസം നമ്മെ ത്യാഗപൂര്‍ണ്ണമായ ഒരു നല്ല ജീവിതത്തിനു ഉപകരിച്ചു നിര്‍ത്തുന്നു. നാം നടക്കുമ്പോഴും ജോലി ചെയ്യുമ്പോഴും, ആഹാരം കഴിക്കുമ്പോഴും വിശ്രമിക്കുമ്പോഴുമൊക്കെ ക്രിസ്തുവിന്റെ ദിവ്യ സാന്നിദ്ധ്യം നമ്മോടൊപ്പമുണ്ട്. ഈ അനുഭവം ലഭിക്കാത്ത നല്ലൊരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്.

അവര്‍ കേവലം ഭൌതിക നേട്ടങ്ങളില്‍ മാത്രം സംതൃപ്തി ലഭിക്കുന്ന കാര്യങ്ങളില്‍ അധിഷ്ഠിതരായി കഴിയുന്നു. ദൈവത്തെക്കൂടാതെയുള്ള നന്മകള്‍ നിലനില്‍ക്കുകയില്ലെന്ന് ലോത്തിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.

ഭൂമിയില്‍ വിശ്വാസ വഞ്ചനയും തരികിടകളുംകൊണ്ട് സിംഹാസനം പണിയുന്നവരും സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നവരും ലോകത്തിന്റെ ഭാവിയെക്കുറിച്ച് അജ്ഞരാണ്. ഒരുനാള്‍ എല്ലാം അഗ്നിക്കിരയാകും എന്നുള്ള സത്യം അവര്‍ അറിയുന്നില്ല.

ഭൌമജീവിതത്തിനപ്പുറം സ്വര്‍ഗ്ഗീയമായ ജീവിതത്തിലേക്കു കടക്കുവാന്‍ അനാത്മീക ജീവിതം തടസ്സമാകുന്നു. ജീവിതത്തില്‍ തെറ്റു സംഭവിക്കാതിരിപ്പാന്‍ കര്‍ത്താവിന്റെ ഹിതത്തിനു പൂര്‍ണ്ണമായി സമര്‍പ്പിച്ച് ഹൃദയഭക്തിയോടെ ജീവിക്കുക.
പാസ്റ്റര്‍ ഷാജി. എസ്.