മദര്‍ തെരേസയുടെ സന്യാസിനിമാരെ നിക്കരാഗ്വ പുറത്താക്കി
മനാഗ്വ: മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അംഗങ്ങളായ സന്യാസിനിമാരെ രാജ്യത്തുനിന്നും പുറത്താക്കി നിക്കരാഗ്വ.
മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വയില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സന്യാസിനിമാരെയാണ് പുറത്താക്കിയത്. പോലീസ് 18 സന്യാസിനിമാരെ ബസില്‍ അതിര്‍ത്തിയിലെത്തിച്ചശേഷം കാല്‍നടയായി അയല്‍ രാജ്യമായ കോസ്റ്ററിക്കയിലേക്കു പറഞ്ഞുവിടുകയായിരുന്നു.
ധനശ്രോതസ്സ് വെളിപ്പെടുത്തിയില്ല എന്നാരോപിച്ച് കഴിഞ്ഞമാസം 28-നു മിഷണറീസ് ഓഫ് ചാരിറ്റിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. 2018 മുതല്‍ ഇതേ കാരണം പറഞ്ഞ് ഇരുനൂറിനു മുകളില്‍ സംഘടനകള്‍ക്കു പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടുണ്ട്.
മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനിമാര്‍ 1988 മുതല്‍ നിക്കരാഗ്വയില്‍ പ്രവര്‍ത്തിക്കുന്നതാണ്. കുട്ടികള്‍ക്കുള്ള നേഴ്സറിയും അഗതി സ്ത്രീകള്‍ക്കുള്ള അഭയ കേന്ദ്രവും നേഴ്സിംങ് ഹോമും ഇവര്‍ നടത്തിയിരുന്നു.
എന്നാല്‍ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടോഗയുടെ സര്‍ക്കാര്‍ കത്തോലിക്കാ സഭയ്ക്കെതിരെ തുടരുന്ന നടപടികളില്‍ അവസാനത്തേതാണെന്നാണ് സഭയുടെ ആരോപണം.
2018-ല്‍ ഒര്‍ട്ടോഗയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു വൈദികര്‍ സംരക്ഷണം നല്‍കിയതിനു പിന്നാലെയാണ് കത്തോലിക്കാ സഭയ്ക്കെതിരായ നടപടികള്‍ക്കു സര്‍ക്കാര്‍ തുടക്കമിട്ടതെന്നാണ് വിമര്‍ശനം. മാര്‍ച്ചില്‍ വത്തിക്കാന്‍ സ്ഥാനാപതിയെ നിക്കരാഗ്വന്‍ സര്‍ക്കാര്‍ പുറത്താക്കുകയുണ്ടായി.