എത്യോപ്യന്‍ പട്ടാളം 750 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു
അഡിസ് അബാബ: ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ ആഭ്യന്തര യുദ്ധത്തിനിടെ സര്‍ക്കാര്‍ സേന 750 ക്രൈസ്തവരെ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ കൂട്ടക്കൊല ചെയ്തതായി വാര്‍ത്ത.
ഫെഡറല്‍ സേനയും ടിഗ്രെയ് പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള സേനയും തമ്മിലുള്ള യുദ്ധം മൂര്‍ച്ഛിച്ചിരിക്കെ നടന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ടിഗ്രെയിലെ അക്സും നഗരത്തിലുള്ള ഔര്‍ലേഡി മേരി ഓഫ് സയണ്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ അഭയം തേടിയിരുന്ന വിശ്വാസികളാണ് ആക്രമണത്തിനിരയായതെന്ന് ബെല്‍ജിയന്‍ സംഘടനയായ യൂറോപ്പ് എക്സ്റ്റേണല്‍ പ്രോഗ്രാം വിത്ത് ആഫ്രിക്ക (ഇഇപിഎ) റിപ്പോര്‍ട്ടു ചെയ്യുന്നു.
ഫെഡറല്‍ സേന പള്ളിയെ സമീപിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. ബൈബിളിലെ പഴയ നിയമ പെട്ടകം പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് വിശ്വാസികളുടെ വിശ്വാസം. പെട്ടകം എടുക്കാനാണ് പട്ടാളക്കാര്‍ വന്നതെന്ന സംശയത്തില്‍ വിശ്വാസികള്‍ പ്രതിരോധം സൃഷ്ടിച്ചു. തുടര്‍ന്ന് പട്ടാളക്കാര്‍ വിശ്വാസികളെ നിര്‍ബന്ധിച്ച് പുറത്തിറക്കി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ടിഗ്രെയ് മേഖലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിരോധനമുള്ളതിനാലാണ് സംഭവം പുറംലോകം അറിയാന്‍ വൈകിയത്. കൂട്ടക്കൊലയില്‍നിന്നും രക്ഷപെട്ടവര്‍ 200 കിലോമീറ്റര്‍ ദൂരം നടന്ന് പ്രവിശ്യാ തലസ്ഥാനമായ മെക്കെല്ലെയില്‍ എത്തിയാണ് വിവരം അറിയിച്ചത്.
ആഭ്യന്തര യുദ്ധം മൂലം ടിഗ്രെയ് പ്രവിശ്യയില്‍നിന്ന് പത്തുലക്ഷം പേര്‍ രാജ്യത്തിനകത്തും അരലക്ഷം പേര്‍ സുഡാനിലും അഭയാര്‍ത്ഥികളായി എത്തിയിട്ടുണ്ടെന്നാണ് കണക്ക്.

