ആചാരങ്ങളും അനുഷ്ഠാനങ്ങളും
ഒക്ടോബര്‍ മാസം മുതല്‍ 6 മാസക്കാലം ഇന്ത്യയില്‍ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും കാലമാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ വിശാലദേശത്ത് ഓരോ മതങ്ങള്‍ക്കും മതങ്ങളിലെ ജാതികള്‍ക്കും, ഉപജാതികള്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകമായി ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്.
ഇതിനെ പിന്തുണച്ചുകൊണ്ട് ഗവണ്മെന്റിന്റെ സഹായഹസ്തങ്ങളും കൂടിയാകുമ്പോള്‍ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷിക്കുന്നത് വന്‍ വിജയമായിത്തീരുന്നു. എല്ലാം വഴിപാടുപോലെ വരുന്നു, ആചരിക്കുന്നു. കുറെയേറെപ്പേര്‍ ഇതുകൊണ്ട് ഉപജീവനം കഴിക്കുന്നു. വിവിധ പുരോഹിതന്മാര് , കലാകാരന്മാര് , സഹായികള്‍ , കമ്മറ്റി അംഗങ്ങള്‍ എന്നുവേണ്ട ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചാകര തന്നെയാണ്.
കുറച്ചുനേരത്തേക്കുമാത്രം സന്തോഷവും ആനന്ദവും പകരുന്ന ഇതുപോലുള്ള ആചാരങ്ങള്‍ മനുഷ്യന്റെ നിത്യ സന്തോഷത്തിനും, നിത്യജീവിതത്തിനും കാരണമാകുന്നുണ്ടോ എന്നുകൂടി പരിശോധിക്കണം. കുറെ പണം ഒന്നിച്ചു സ്വരൂപിച്ചു കയ്യും കണക്കുമില്ലാതെ ചെലവഴിക്കുന്നു. ഇതുകൊണ്ട് ആത്മരക്ഷയ്ക്കുതകുന്ന എന്തെങ്കിലും നടക്കുന്നുണ്ടോ എന്നുകൂടി ആത്മാര്‍ത്ഥമായി പരിശോധിക്കണം. മനസ്സിനും ശരീരത്തിനും അല്പ്പനേരത്തേക്ക് ഉണര്‍വ്വും ചൈതന്യവും ഉണ്ടാക്കുന്നു എന്നത് നേരാണ്. പക്ഷേ നിത്യമായ ഒരു ആത്മരക്ഷ കിട്ടുന്നോ എന്നു ശരിയായി വിലയിരുത്തണം.
ഈ ഭൂമി ശാപഗ്രസ്തമാണ്. ആദ്യമനുഷ്യവര്ഗ്ഗത്തിന്റെ പാപം നിമിത്തം ശപിക്കപ്പെട്ടതാണ് ഈ ഭൂമി. ആദിമനുഷ്യവര്ഗ്ഗത്തിന്റെ പാപംമൂലം എല്ലാ പിന്തലമുറകളിലേക്കും പാപത്തിന്റെ ഈ വിഷം പകരുകയുണ്ടായി. ഇതില്‍നിന്നു ഒരു നിത്യമോചനം മനുഷ്യവര്‍ഗ്ഗത്തിനു ആവശ്യമാണ്.
അത് വെറും കര്‍മ്മങ്ങള്‍കൊണ്ടും ആചാരാനുഷ്ഠാനങ്ങള്‍കൊണ്ടും നേടാവുന്നതല്ല. അതിനു ഏക പരിഹാരം യേശുക്രിസ്തു മാത്രമാണ്. ആണ്ടുതോറും നടത്തുന്ന ആചാരാനുഷ്ടാനങ്ങള്കൊണ്ടും, വ്രതംകൊണ്ടും നമുക്കു പാപമോചനമോ ആത്മരക്ഷയോ ലഭിക്കില്ല. അതിനുള്ള മാര്‍ഗ്ഗം നമ്മുടെ സകല പാപങ്ങളും യേശുവിന്റെ മുമ്പാകെ ഏറ്റു പറഞ്ഞ് സമര്‍പ്പിച്ച് യേശുവിനെ രക്ഷിതാവും ദൈവവുമായി അംഗീകരിച്ചു സ്വീകരിക്കുക എന്നതാണ്.
യേശുവിന്റെ കല്‍പ്പനകള്‍ പൂര്‍ണ്ണമായി അംഗീകരിച്ച് ആത്മാവിലും സത്യത്തിലും ആരാധിച്ചു ജീവിക്കുമ്പോള്‍ നമുക്ക് ആത്മരക്ഷ ലഭിക്കുവാനിടയാകും. നാം മരിച്ചാലും നമ്മുടെ ആത്മാവ് മരിക്കില്ല. ആത്മാവ് നമുക്ക് ഒരുക്കിയിട്ടുള്ള സ്ഥലത്തേക്ക് എടുക്കപ്പെടും. പിന്നീട് ക്രിസ്തുവിന്റെ രണ്ടാം വരവില്‍ നമ്മള് രൂപാന്തരം പ്രാപിക്കും.
അത് നിത്യ ജീവിതത്തിലേക്കുള്ള വഴി ഒരുക്കും. ഇതാണ് ഒരു വ്യക്തിയെക്കുറിച്ച് നമ്മുടെ സൃഷ്ടാവായ ദൈവം ആഗ്രഹിക്കുന്നത്. ഇത്രയും കാര്യങ്ങള്‍ സംഭവിക്കണമെങ്കില്‍ അതിനുള്ള നടപടികള്‍ ക്രമമായി പൂര്‍ത്തീകരിക്കണം. എല്ലാ മനുഷ്യവര്‍ഗ്ഗവും ഈ ശാശ്വത അനുഭവത്തിന്റെ കൂട്ടാളികളായിത്തീരണം. അതിനു കര്‍ത്താവായ യേശുക്രിസ്തു എല്ലാവരോടും ഇടപെടുമാറാകട്ടെ. ആത്മരക്ഷ എല്ലാവര്ക്കും ലഭിക്കാന്‍ പ്രയത്നിക്കാം, പ്രാര്‍ത്ഥിക്കാം.
പാസ്റ്റര്‍ ഷാജി. എസ്.