ലിബിയയില്‍ 3 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
ട്രിപ്പോളി: ലിബിയയില്‍ ഈജിപ്റ്റ് പൌരന്മാരായ ഒരു ക്രൈസ്തവ കുടുംബത്തിലെ 3 പേര് കൊല്ലപ്പെട്ടു. ഡിസംബര്‍ 23നു തലസ്ഥാന നഗരിയായ ട്രിപ്പോളിക്കു സമീപം സിര്‍ട്ടില്‍ ആതുര രംഗത്ത് സേവനം അനുഷ്ഠിച്ചു വരുന്ന ഡോ. മഗ്ദി സോഫി തൌഫീക്ക്, ഭാര്യ സഹര്‍ തലാട്ട് റിസ്ക്, ഇവരുടെ മകള്‍ 12 വയസുള്ള കാതറീന് എന്നിവരാണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മഗ്ദിയുടെയും, സഹറിന്റെയും മുറിവേറ്റ ജഡം സ്വന്തം വസതിയില്‍ കാണപ്പെടുകയായിരുന്നു. കാതറീനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. 3 ദിവസത്തിനുശേഷം കാതറീന്റെ ജഡം വഴിയരുകില്‍ കാണപ്പെടുകയായിരുന്നു. ദമ്പതികള്‍ക്ക് മറ്റു രണ്ടു പെണ്മക്കള്കൂടിയുണ്ട്.
ഇവര്‍ സംഭവ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വധശ്രമത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. കൊല്ലപ്പെട്ട കാതറീന് മുസ്ളീം സ്ത്രീകളേപ്പോലെ തലയില്‍ മൂടുപടം ഇടാത്തതിനാല്‍ ചില മുസ്ളീം മതമൌലികവാദികളില്നിന്നു വധഭീഷണി ഉണ്ടായിരുന്നതായി മാധ്യമ പ്രവര്‍ത്തകനായ ടോഡ് നെറ്റില്‍ട്ടണ്‍ പറഞ്ഞു. 2000-ത്തില്‍ വിവാഹിതരായ ദമ്പതികള്‍ 2001 മുതല്‍ ലിബിയയില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

