ജര്‍മ്മന്‍ യുവാക്കളില്‍ പകുതിയും ബൈബിള്‍ വിവരിക്കുന്ന നരകം ഉണ്ടെന്നു വിശ്വസിക്കുന്നതായി സര്‍വ്വേ
ബെര്‍ലിന്‍: ജര്‍മ്മന്‍ യുവാക്കളില്‍ പകുതിയോളം പേരും നരകത്തിന്റെ അസ്തിത്വത്തില്‍ വിശ്വസിക്കുന്നതായി പുതിയ സര്‍വ്വേയില്‍ കണ്ടെത്തി.
മുതിര്‍ന്നവരേക്കാള്‍ ശക്തമായ ക്രിസ്തീയ വിശ്വാസങ്ങള്‍ യുവതലമുറയ്ക്കുണ്ടെന്ന് പുതിയ സര്‍വ്വേ കാണിക്കുന്നു.
ക്രിസ്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ ഐഡിയയ്ക്കുവേണ്ടി നടത്തിയ പഠനത്തില്‍ റോമന്‍ കത്തോലിക്കാ സഭയിലുള്ളവരേക്കാള്‍ സ്വതന്ത്ര സുവിശേഷ സഭകളിലെ അംഗങ്ങള്‍ നരകം ഉണ്ടെന്ന് വിശ്വസിക്കുന്നതായി കണ്ടെത്തി.
2026 ഓഗസ്റ്റിലാണ് ഈ സര്‍വ്വേ നടത്തിയത്. ബൈബിളില്‍ വിവരിച്ചിരിക്കുന്നതായ ഒരു നരകം യഥാര്‍ത്ഥത്തില്‍ നിലവിലുണ്ടെന്ന് ഒരാള്‍ വിശ്വസിക്കുന്നു എന്ന പ്രസ്താവനയെക്കുറിച്ച് 2000 ആളുകളോട് അവരുടെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു.
18-നും 29-നും ഇടയില്‍ പ്രായമുള്ളവരില്‍ 47 ശതമാനം പേര്‍ നരകത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും 70 വയസിനു മുകളിലുള്ളവരില്‍ 20 ശതമാനം പേര്‍ മാത്രമേ നരകത്തില്‍ വിശ്വസിക്കുന്നുള്ളുവെന്നും സര്‍വ്വേയില്‍ പങ്കെടുത്തവരില്‍നിന്നും വ്യക്തമായി.
മൊത്തത്തില്‍ 40 ശതമാനം ജര്‍മ്മന്‍കാരും നരകം ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ 22 ശതമാനം പേര്‍ അറിയില്ല എന്നു പറഞ്ഞു.
സ്വതന്ത്ര സുവിശേഷ സഭകളിലെ അംഗങ്ങള്‍ 61 ശതമാനം പേര്‍ ഇതിനോട് യോജിച്ചു. കത്തോലിക്കരില്‍ 40 ശതമാനം പേരും പ്രൊട്ടസ്റ്റന്റ് സഭയില്‍പ്പെട്ടവരില്‍ 38 ശതമാനം പേരും ഇതിനോട് യോജിക്കുന്നു.

