പാസ്റ്റർ കെ ഒ വർഗീസ് (പീച്ചി മാസ്റ്റർ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

Obituary

പാസ്റ്റർ കെ ഒ വർഗീസ് (പീച്ചി മാസ്റ്റർ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പീച്ചി : ഇന്ത്യ പെന്തകോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും, പ്രമുഖ വചന പ്രഘോഷകനും, വേദദ്ധ്യാപകനും, വിശ്വ പ്രസിദ്ധമായ ഒട്ടനവധി ക്രൈസ്തവ ഭക്തി ഗാനങ്ങളുടെ രചയിതാവുമായ കർത്തൃദാസൻ പാസ്റ്റർ കെ ഒ വർഗീസ് (പീച്ചി മാസ്റ്റർ, 93 വയസ്സ്) മാർച്ച് 19 വ്യായാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചില നാളുകളായി വാർദ്ധക്യ സഹജമായ ശാരീരിക പ്രയാസത്താൽ കഴിയുകയായിരുന്നു.

ക്രിസ്തീയ സമൂഹത്തിൽ ‘പീച്ചി മാസ്റ്റർ’ എന്ന പേരിൽ അദ്ദേഹം ഏവർക്കും സുപരിചിതനായിരുന്നു.

ദശകങ്ങളോളം ഐ പി സി സഭയുടെ വിവിധ മേഖലകളിൽ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു. കർണാടക സ്റ്റേറ്റ് ഐ പിസി മുൻ പ്രസിഡന്റ്, ദീർഘ വർഷങ്ങൾ പീച്ചി സെന്റർ ശുശ്രൂഷകൻ എന്നീ നിലകളിൽ അദ്ദേഹം ചെയ്ത സേവനങ്ങൾ അവിസ്മരണീയമാണ്.

വചനം ലളിതമായും എന്നാൽ ആഴത്തിലും പഠിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ സവിശേഷമായ കഴിവ് ‘മാസ്റ്റർ’ എന്ന വിളിപ്പേര് അദ്ദേഹത്തിന് അന്വർത്ഥമാക്കി.

മലയാളം ക്രിസ്തീയ സംഗീത ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. “പോകയില്ല നാഥാ നിന്നെ വിട്ടു ഞാൻ…” എന്ന അനശ്വര ഗാനം ഉൾപ്പെടെ വിശ്വാസികളുടെ ഹൃദയത്തിൽ ഇന്നും മാറ്റൊലി കൊള്ളുന്ന അനേകം ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നവയാണ്.

ലോകമെമ്പാടുമുള്ള മലയാളി ക്രിസ്ത്യാനികൾക്കിടയിൽ ആശ്വാസത്തിന്റെ ഉറവിടമായി ഈ ഗാനങ്ങൾ ഇന്നും നിലനിൽക്കുന്നു.

ഭാര്യ : കർത്തൃദാസി ശ്രീമതി റെയ്ച്ചൽ വർഗീസ് ആലപ്പാട്ട് ചെമ്പൻ കുടുംബാംഗമാണ്. മക്കൾ : പാസ്റ്റർ കെ വി. ജോസ് (വൈസ് പ്രസിഡന്റ്, ഐ പി സി കർണാടക സ്റ്റേറ്റ്), എൽസി തോമസ് (മൈസൂരു), മേരി ഏലിയാസ് (തിരുവല്ല വള്ളംകുളം), പരേതനായ കെ വി എബ്രഹാം (ജോയ്). മരുമക്കൾ : ഷൈനി ജോസ് (ബാംഗ്ലൂർ), പാസ്റ്റർ ഒ റ്റി തോമസ് (ഐ പി സി മൈസൂരു ശുശ്രൂഷകൻ), പാസ്റ്റർ എൻ എസ് ഏലിയാസ് (ഐ പി സി വള്ളംകുളം ശുശ്രൂഷകൻ), മിനി ഏബ്രഹാം (ബെംഗളൂരു).

സംസ്കാരം മാർച്ച് 21 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 1 മണിക്ക് കണ്ണാറ സെമിത്തേരിയിൽ.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.