ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി
ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്തുനിന്ന് 17 കിലോമീറ്റര്‍ അകലെ പ്രകൃതി വാതകം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.
റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരെ അമേരിക്ക വന്‍ പിഴ ചുമത്തിയ സാഹചര്യത്തില്‍ പുതിയ കണ്ടെത്തല്‍ ഇന്ത്യയ്ക്കു വലിയ പ്രതീക്ഷ നല്‍കുന്നു.
ദ്വീപുകളിലെ പ്രകൃതി വാതകത്തിന്റെ അളവും വാണിജ്യ സാദ്ധ്യതകളും വരും മാസങ്ങളില്‍ കണക്കാക്കും.
ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 88 ശതമാനവും പ്രകൃതി വാതകത്തിന്റെ 50 ശതമാനവും നിലവില്‍ ഇറക്കുമതി ചെയ്യുകയാണ്.
ഇറക്കുമതിയില്‍ വലിയ കുറവു വരുത്താന്‍ ആന്‍ഡമാന്‍ കടലിലെ പര്യവേഷണം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഊര്‍ജ്ജ ആവശ്യങ്ങളില്‍ സ്വയം പര്യാപ്തത നേടുന്നതിന് പുതിയ കണ്ടെത്തല്‍ ശക്തിയേകും.
കിണറിന്റെ പ്രാരംഭ ഉല്‍പ്പാദന പരിശോധനയിലാണ് ഇടയ്ക്കിടെ ജ്വലനത്തോടെയുള്ള പ്രകൃതി വാതകത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.
കാക്കിനാഡയിലേക്ക് കപ്പല്‍ വഴി കൊണ്ടുവന്ന വാതക സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 87 ശതമാനം മീഥെയ്ല്‍ ഉണ്ടെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു.