ഗൂഗിള്‍ മാപ്പ് ഇനി വഴിതെറ്റിക്കില്ല; അപകട മേഖലകള്‍ മുന്‍കൂട്ടിക്കാണിക്കാന്‍ സംവിധാനമായി
ന്യൂഡെല്‍ഹി: ഗൂഗിള്‍മാപ്പ് ചതിച്ചു അപകടത്തില്‍പ്പെട്ടു എന്നൊക്കെയുള്ള വാര്‍ത്തകള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് ഇതിനു പരിഹാരം കാണുന്നു.
ഗൂഗിള്‍ മാപ്പ് നോക്കി വാഹനങ്ങള്‍ ഓടിച്ച് അപകടത്തില്‍പ്പെടാതിരിക്കാനുള്ള സംവിധാനം ഒരുക്കിയത് ഡല്‍ഹി ട്രാഫിക് പോലീസാണ്. ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനം വരുന്നത്.
ഇതിനായി അപകടങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടിക്കണ്ടുകൊണ്ട് ബ്ളാക്ക് സ്പോട്ട് അലര്‍ട്ട് സംവിധാനമാണ് അവതരിപ്പിച്ചത്.
ഇതിനായി ഒരു ആപ്പ് ഒരുക്കിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2024-ലെ ബ്ളാക്ക് സ്പോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത് ആരംഭിക്കുന്നത്. ഓരോ വര്‍ഷത്തിന്റെയും അവസാനം ബ്ളാക്ക് സ്പോട്ടുകളുടെ വാര്‍ഷിക പട്ടിക സമാഹരിച്ച് അത് ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കും.
ഒരു പ്രത്യേക സ്ഥലത്ത് പതിവായി അപകടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ആ ഭാഗത്തിന്റെ മദ്ധ്യ ഭാഗം ബ്ളാക്ക് സ്പോട്ടായി തരംതരിക്കപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍1132-ല്‍ അധികം അപകടങ്ങള്‍ ഉണ്ടായി. 483 അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി ഡല്‍ഹി ട്രാഫിക് പോലീസ് ഇത്തരത്തിലുള്ള 111 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
യാത്രക്കാര്‍ വിവരമറിയുന്നതിനും ജാഗ്രത പുലര്‍ത്തുന്നതിനുമായി സ്ഥലങ്ങള്‍ മാപ്പില്‍ അടയാളപ്പെടുത്തും.
ഈ ബ്ളാക്ക് സ്പോട്ടില്‍ വാഹനവും മറ്റും എത്തുന്നതിനു 100 മുതല്‍ 200 മീറ്റര്‍ മുമ്പ് ജാഗ്രതാ നിര്‍ദ്ദേശം യാത്രക്കാര്‍ക്ക് ലഭിക്കും.