ഒരു നൂറ്റാണ്ടിലേറെയായി കത്തിജ്വലിച്ചുകൊണ്ടിരുന്ന ഒരു ബള്‍ബ്
കാലിഫോര്‍ണിയ: നമ്മുടെ വീടുകളിലോ പൊതുസ്ഥലങ്ങളിലോ ഒക്കെ ഇലക്ട്രിക് ബള്‍ബുകള്‍ ഉപയോഗിക്കാറുണ്ട്. ഇവയ്ക്കൊക്കെ ആയുസ്സ് അങ്ങേയറ്റം പോയാല്‍ ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ ഒക്കെയായിരിക്കും. എന്നാല്‍ നൂറ്റാണ്ടുകളോളം ഒരു കുഴപ്പവും ഇല്ലാതെ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു ബള്‍ബുണ്ട്.
ലോകപ്രശസ്തമായി അത്ഭുത വിളക്കായി ജ്വലിക്കുന്നത് അമേരിക്കയിലെ കാലിഫോര്‍ണിയായിലെ ലിവര്‍മോര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് നമ്പര്‍ 6-ലാണ് ഈ ബള്‍ബ് സുരക്ഷിതമായി സ്ഥാപിച്ചിരിക്കുന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ഈ ബള്‍ബിന് ഏറ്റവും കൂടുതല്‍ കാലം പ്രകാശിച്ച ബള്‍ബ് എന്ന ടൈറ്റില്‍ നല്‍കി കഴിഞ്ഞു.
1901 മുതല്‍ തുടര്‍ച്ചയായി പ്രകാശം പരത്തുന്ന ഈ ബള്‍ബ് ഒരു പഴയ കാര്‍ബണ്‍ ഫിലമന്റ് ബള്‍ബാണ്. ഈ ഐതിഹാസിക ബള്‍ബിനെ ശതാബ്ദ ബള്‍ബെന്നാണ് വിളിക്കുന്നത്.
1899- 1900 കാലഘട്ടത്തില്‍ ഒഹായോയിലെ ഷെല്‍സിയിലെ ഷെല്‍ബി ഇലക്ട്രിക് കമ്പനിയാണ് ഈ ബള്‍ബ് നിര്‍മ്മിച്ചത്. 1901-ല്‍ ലിവര്‍മോര്‍ പവര്‍ ആന്‍ഡ് വാട്ടര്‍ കമ്പനിയുടെ ഉടമയായ ഡെന്നീസ് ബെര്‍ണല്‍ ഇത് ലിവര്‍മോര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന് സംഭാവന ചെയ്തു.
1976 വരെ എല്‍സ്ട്രീറ്റിലെ ഒരു ഫയര്‍ സ്റ്റേഷനിലാണ് ബള്‍ബ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. എല്‍സ്ട്രീറ്റ് ഫയര്‍ സ്റ്റേഷനില്‍നിന്ന് നിലവിലെ സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ 22 മിനിറ്റ് നേരത്തേക്ക് ഇത് സ്വിച്ച് ഓഫ് ചെയ്തതൊഴിച്ചാല്‍ ഇക്കാലമത്രയും ഈ ബള്‍ബ് പ്രകാശിച്ചുകൊണ്ടിരിക്കുകയാണ്.
ഈ അത്ഭുത ബള്‍ബ് കാണാന്‍ നിരവധി സന്ദര്‍ശകരാണ് എത്തുന്നത്.

