ഫേസ് ബുക്കില്‍ ബൈബിള്‍ വാക്യം പോസ്റ്റ് ചെയ്ത കേസില്‍ ക്രിസ്ത്യന്‍ കുടുംബം ഒളിവില്‍
ലാഹോര്‍: പാക്കിസ്ഥാനില്‍ ബൈബിള്‍ വാക്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് മുസ്ളീങ്ങളെ പ്രകോപിപ്പിക്കുകയും മതനിന്ദയ്ക്കും കാരണമായി എന്ന കേസില്‍ ജാമ്യം ലഭിച്ച ക്രൈസ്തവനും കുടുംബവും ജീവനു ഭീഷണിയെത്തുടര്‍ന്നു ഒളിവില്‍ കഴിയുന്നു.
പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോധ നഗരത്തിനടുത്തുള്ള ചക് 49 ഷുമാലി ഗ്രാമത്തിലെ താമസക്കാരനായ ഹാറൂണ്‍ ഷഹ്സാദ് (45) തന്റെ ഭാര്യയും മക്കളുമായാണ് ഒളിവില്‍ കഴിയുന്നത്.
ജൂണ്‍ 29-നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹാറൂണ്‍ തന്റെ ഫേസ് ബുക്ക് പേജില്‍ 1 കൊരിന്ത്യര്‍ 10:18-21 വരെയുള്ള പാക്യങ്ങളെ ആസ്പദമാക്കി വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുന്ന ഭക്ഷണത്തെക്കുറിച്ച് പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
ഇത് മുസ്ളീങ്ങളുടെ ബലി പെരുന്നാളിനെതിരാണെന്നും മുഹമ്മദിനെ നിന്ദിച്ചുവെന്നും തെറ്റിദ്ധരിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ക്രൈസ്തവര്‍ക്കെതിരെ ഒന്നിക്കാന്‍ മസ്ജിദില്‍നിന്നു ഉച്ചഭാഷിണിയിലൂടെ ചിലര്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഗ്രാമത്തിലെ 300 ഓളം വരുന്ന ക്രൈസ്തവരെ സംരക്ഷിക്കാന്‍ ജില്ലാ ഭരണകൂടം പോലീസിനെ വിന്യസിപ്പിച്ചതിനാല് വലിയ ആക്രമണം നടന്നില്ല. എന്നാല്‍ ക്രൈസ്തവര്‍ പലരും പാലായനം ചെയ്തു.
ജൂണ്‍ 30-ന് ഹാറൂണിനെതിരെ മതനിന്ദാ കുറ്റം ചുമത്തി അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു. ഇപ്പോള്‍ ഹൈക്കേടതി ജഡ്ജി അലി ബാഖിര്‍ നജ്ഫാ നവംബര്‍ 6-ന് ജാമ്യം അനുവദിച്ചു. എന്നാല്‍ ജീവനു ഭീഷണി ഉള്ളതിനാല്‍ നവംബര്‍ 15-നാണ് വിട്ടയച്ചത്.
ഉടന്‍തന്നെ ഹാറൂണ്‍ വീട്ടില്‍ പോകാതെ മറ്റൊരു സ്ഥലത്തേക്കു ഭാര്യയും മക്കളും വേറൊരിടത്തുമായി രഹസ്യമായി കഴിയുകയാണെന്ന് ഹാറൂണിന്റെ അഭിഭാഷക അനീഖ മറിയ പറഞ്ഞു.
വീടുവിട്ടതിനാല്‍ മക്കളുടെ വിദ്യാഭ്യാസ കാര്യത്തിലും കുടുംബം ആശങ്കയിലാണ്.
അവര്‍ വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ തിരികെയെത്തിയിട്ടില്ല.

