യു.എസ്. യുവതിക്ക് രണ്ടു ഗര്‍ഭപാത്രം; രണ്ടിലും ഗര്‍ഭം; അമ്പരന്ന് വൈദ്യശാസ്ത്രം
അലബാമ: അമേരിക്കയിലെ അലബാമ സ്വദേശിനിയായ യുവതിയുടെ ഇരട്ട ഗര്‍ഭം വൈദ്യശാസ്ത്ര ലോകത്തിനു അമ്പരപ്പുളവാക്കിയിരിക്കുകയാണ്.
ബര്‍മിംഗ്ഹാം സ്വദേശിനിയായ കെല്‍സി ഹാച്ചര്‍ എന്ന മുപ്പത്തിരണ്ട്കാരിയുടെ നാലാമത്തെ ഗര്‍ഭമാണ് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത്. ഒറ്റ പ്രസവത്തില്‍ ഒന്നിലേറെ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണെങ്കിലും കെല്‍സിയുടെ ഗര്‍ഭം അതില്‍നിന്നൊക്കെ വ്യത്യസ്തമാണ്.
രണ്ടു ഗര്‍ഭപാത്രവും അതില്‍ രണ്ടിലും കുഞ്ഞുങ്ങളുമാണ് ഇവര്‍ക്കുള്ളത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് ഗര്‍ഭാശയവും രണ്ട് സെര്‍വിക്സും ഉള്ള സ്ത്രീകള്‍ ഉണ്ടാകാമെങ്കിലും രണ്ടു ഗര്‍ഭ പാത്രത്തിലും ഒരേ സമയം ഗര്‍ഭിണിയാകാനുള്ള സാദ്ധ്യത ദശലക്ഷത്തില്‍ ഒന്നു മാത്രമാണത്രെ.
ഗര്‍ഭിണിയായി എട്ടാഴ്ച കഴിഞ്ഞ് കെല്‍സിയെ അള്‍ട്രാസൌണ്ട് സ്കാനിംഗിന് വിധേയമാക്കിയപ്പോഴാണ് ഡോക്ടര്‍മാരെ അമ്പരിപ്പിച്ച അപൂര്‍വ്വ ഗര്‍ഭം ശ്രദ്ധയില്‍ പെട്ടത്.
കാലേബ് ആണ് കെല്‍സിയുടെ ഭര്‍ത്താവ്. ഈ ദമ്പതികള്‍ക്ക് നിലവില്‍ ഏഴും നാലും രണ്ടും വയസ്സുള്ള മൂന്നു കുട്ടികളുണ്ട്. തനിക്ക് രണ്ട് ഗര്ഭാശയമുണ്ടെന്നു 17 വയസു മുതല്‍ കെല്‍സിക്ക് അറിയാമായിരുന്നു.
എന്നാല്‍ മുമ്പ് നടന്ന മൂന്നു പ്രസവങ്ങളും പ്രശ്നങ്ങളില്ലാതെയാണ് നടന്നത്. ഇരട്ട ഗര്‍ഭം ഉയര്‍ന്ന അപകട സാദ്ധ്യത ഉള്ളതാണെങ്കിലും ഇതുവരെ കെല്‍സിയുടെ ആരോഗ്യസ്ഥിതിക്കു പ്രശ്നങ്ങളൊന്നുമില്ല.
എന്നിരുന്നാലും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഒരു പാനല്‍ തന്നെ രൂപീകരിച്ചിരിക്കുകയാണ് കെല്‍സിയുടെ പ്രസവ ശുശ്രൂഷയ്ക്കായി. ക്രിസ്തുമസ് ദിനത്തില്‍ കെല്‍സി പ്രസവിക്കും. അപൂര്‍വ്വ ഇരട്ടക്കുട്ടികളെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണ് കെല്‍സിയുടെ കുടുംബവും.

