ആണവ ഡേര്‍ട്ടി ബോംബുകളെ ചെറുക്കാന്‍ മനുഷ്യനു മരുന്ന്; പരീക്ഷണം ആരംഭിച്ചു
ന്യുയോര്‍ക്ക്: ആണവ ആക്രമണമോ ഡേര്‍ട്ടി ബോംബ് ആക്രമണമോ മൂലമുണ്ടാകുന്ന റേഡിയേഷന് മനുഷ്യ ശരീരത്തില്‍ സൃഷ്ടിക്കുന്ന ദോഷകരമായ ഫലങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ മരുന്നിന്റെ മനുഷ്യരിലെ ട്രയല്‍ യു.എസില്‍ ആരംഭിച്ചു.
റേഡിയേഷന് മൂലമുള്ള വിഷബാധ തടയാനോ ചികിത്സിക്കാനോ ഉള്ള മാര്‍ഗ്ഗങ്ങള്‍ നിലവില്‍ വളരെ പരിമിതമാണ്. അതിനാല്‍ ശരീരത്തിലുണ്ടാകുന്ന റേഡിയോ ആക്ടീവ് മലിനീകരണം നീക്കാന്‍ ശേഷിയുള്ള ഫലപ്രദമായ ഒരു മരുന്നിന്റെ ഗവേഷണം വിജയകരമായാല്‍ അത് മനുഷ്യ രാശിക്ക് തന്നെ വലിയ ഒരു നാഴികക്കല്ലാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
42 പേരാണ് ആദ്യ ഘട്ടത്തില്‍ ട്രയലില്‍ പങ്കെടുക്കുന്നത്. അടുത്ത വര്‍ഷം ട്രയലിന്റെ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എച്ച്.ഒ.പി. 14-1 എന്നാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ മരുന്നിന്റെ പേര്. നിലവില്‍ ഈ മരുന്നിന് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം ഇല്ല.
അതുകൊണ്ട് തന്നെ അടിയന്തിര ഉപയോഗത്തിന് ഇവ ലഭ്യമല്ല. ഈ മരുന്നിന് അണുപ്രസരണത്തിന്റെ ഇരകളായവരില്‍ റേഡിയോ ആക്ടീവ് ഘടകങ്ങളെ പൊതിഞ്ഞ് അവയെ ശരീരത്തില്‍നിന്ന് നീക്കി സംരക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.
യുറേനിയത്തിനും ആണവായുധങ്ങളിലും, ഡേര്‍ട്ടി ബോംബുകളിലും, ബാലസ്റ്റിക് മിസൈലുകളിലുമടങ്ങിയിരിക്കുന്ന മറ്റ് പദാര്‍ത്ഥങ്ങള്‍ക്കും എതിരെ ഇത് ഫലപ്രദമാകുമെന്നാണ് കരുതപ്പെടുന്നത്.
ലെഡ് വിഷബാധയെയും ആണവ അപകടങ്ങളെയും ചെറുക്കാനും ഇത് സഹായിച്ചേക്കും. റേഡിയോളജിക്കല്‍ ഡിസ്പേഴ്സല്‍ ഡിവൈസുകളെയാണ് ഡേര്‍ട്ടി ബോംബ് എന്നറിയപ്പെടുന്നത്.
ഡൈനാമിറ്റ് പോലുള്ള പരമ്പരാഗത സ്ഫോടക വസ്തുക്കള്‍ക്കൊപ്പം യുറേനിയം നെപ്ട്യൂണിയം പോലുള്ള റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ സംയോജിപ്പിച്ച് നിര്‍മ്മിക്കുന്ന ആയുധമാണിത്.
ലോകത്ത് ഇതുവരെ ഡേര്‍ട്ടി ബോംബുകള്‍ ഉപയോഗിക്കപ്പെട്ടിട്ടില്ലെങ്കിലും ഭാവിയില്‍ യുദ്ധങ്ങളില്‍ ഇവ ഉപയോഗിക്കപ്പെടാനുള്ള സാദ്ധ്യത മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് പ്രതിരോധം.

