മതപഠന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ അനുമതി വേണമെന്ന് ഹൈക്കോടതി
കൊച്ചി: വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ സ്കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാനാകുവെന്ന് ഹൈക്കോടതി.
നിയമത്തിലെ 18-ാം വകുപ്പ് പ്രകാരം മതപഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും സര്‍ക്കാര്‍ അനുമതിയോടെയല്ലാതെ പ്രവര്‍ത്തിക്കാനാവില്ല.
തൃശ്ശൂര്‍ പുന്നയൂര്‍ വടക്കേകാട് പ്രവര്‍ത്തിക്കുന്ന മക്ദിന്‍ നോളജ് ഗാര്‍ഡന്‍ പബ്ളിക് സ്കൂളിന്റെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്. സര്‍ക്കാര്‍ അംഗീകാരമില്ലാത്തതിനാല്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബദല്‍ സംവിധാനമൊരുക്കാന്‍ സമയം ആവശ്യമായതിനാല്‍ ഈ അക്കാദമിക് വര്‍ഷം പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കി.
അംഗീകാരമില്ലാതെ 300 ഓളം കുട്ടികളുള്ള പ്രീ സ്കൂള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇസ്ളാമിക വിഷയങ്ങള്‍ പഠിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികളായ മൊയ്ദീന്‍കുട്ടി, ബാപ്പു എന്നിവര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി പരിഗണിച്ചത്.
അതേസമയം സ്ഥാപനം പൂട്ടാന്‍ ചാവക്കാട് എഇഒ നിര്‍ദ്ദേശിച്ചതിനെതിരെ സ്കൂള്‍ മാനേജര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിന് അക്രഡിറ്റേഷന്‍ ഉള്ളതിനാല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനു തടസ്സമില്ലെന്നായിരുന്നു വാദം.

