ഗ്രഹം സ്റ്റയിൻസും കുഞ്ഞുങ്ങളും നിത്യതയിൽ ചേർന്നിട്ടു. 27വയസ്സ്

1999..ജനുവരി 22 ഇന്നു. ഗ്രഹം സ്റ്റയിൻസും കുഞ്ഞുങ്ങളും നിത്യതയിൽ ചേർന്നിട്ടു. 27വയസ്സ്

Breaking News India

ഗ്രഹം സ്റ്റയിൻസും കുഞ്ഞുങ്ങളും നിത്യതയിൽ ചേർന്നിട്ടു. 27വയസ്സ്
1999.ജനുവരി 22 ഇന്നു 22-2026. 1999 ജനുവരി 22 അർദ്ധരാത്രി 12.30. രാജ്യത്തെ നടുക്കിയ ആ പാതിരാ കൊലപാതകത്തിന് 27 വയസ്സ് പൂർത്തിയാകുന്നു.

ഒറീസയിലെ ബാരിപ്പാട ജില്ലയിലെ മനോഹർപൂർ ഗ്രാമത്തിൽ മിഷനറി ഗ്രഹാം സ്റ്റയിൻസും രണ്ട് കുഞ്ഞുങ്ങളും മതരാഷ്ട്രവാദികളുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട ദിവസം.

ദാരാസിങ്, ഏലിയാസ് രെബീന്ദ്രസിങ് എന്നിവരുടെ നേതൃത്വത്തിൽ കുന്തം, വടി, തോക്ക്, പെട്രോൾ എന്നിവയുമായി അമ്പതോളം പേർ വാഹനത്തെ വലയം ചെയ്തു. കല്ലെറിഞ്ഞു വാഹനം തകർത്തു.കാപാലികർ കുന്തം കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് അഗ്നിക്ക് ഇരയാക്കി.

ഗ്രഹാം പിഞ്ചോമനകളെ കെട്ടിപിടിച്ചു, അങ്ങനെ അവർ തീപന്തമായി, കരിക്കഷണമായി..
ശ്രീ. ഒ വി വിജയൻ ന്യൂഡൽഹിയിൽ പ്രതികരിച്ചത് ഇങ്ങനെയാണ് ” ആർക്കും തൊട്ടുകൂടാത്ത നിത്യ രോഗികളുടെ മുറിവുകൾ കഴുകി തുടയ്ക്കാൻ എൻ്റെ നാട്ടിലേക്ക് വന്ന പ്രിയങ്കരനായ സ്റ്റെയിൻസ്, ദൈവപുത്രൻ്റെ മാപ്പ് താങ്കൾ എനിക്ക് തരുമെന്ന് ഞാൻ അറിയുന്നു. അത് വാങ്ങാൻ ഞാൻ അർഹനാണ്. എൻ്റെ നാടിൻ്റെ പതാക പാതി മരത്തിൽ കിടക്കട്ടെ.”

ഒറീസയിലെ സംഘർഷത്തിൻ്റെ വേരുകൾ തീർച്ചയായും വളരെ ആഴത്തിലുള്ളതാണ്. മതമല്ല, പൊരിയുന്ന വയറായിരുന്നു ആദിവാസിയുടെ പ്രശ്നം. തലനാരിഴക്കീറിയുള്ള തത്വാചിന്താപരമായ തർക്കങ്ങളിൽ നിന്നായിരുന്നില്ല, തലകറങ്ങി വീഴുന്ന നേരുകളിൽ നിന്നാണ്, ആദിവാസികളും ‘ഞങ്ങൾക്ക് പയിക്കുന്നെ’ എന്നോർത്ത് കരഞ്ഞത്. വരട്ടുവാദങ്ങൾക്ക് അവരുടെ വിശപ്പ് ശമിപ്പിക്കുമായിരുന്നില്ല. സൂക്തങ്ങളുടെയും മന്ത്രങ്ങളുടെയും കുറവ്കൊണ്ടല്ലവർ അന്നും നെഞ്ചത്തടിച്ച് വിളിച്ചത്.

അങ്ങനെയിരിക്കെ വിശപ്പിന് ഭക്ഷണവും രോഗത്തിന് മരുന്നും അക്ഷരം പഠിപ്പിക്കാൻ പളളിക്കുടങ്ങളും ഒരുക്കി തന്നവരോട് അവർക്കാഭിമുഖ്യം തോന്നിയെങ്കിൽ അതിലെന്താണിത്ര കുഴപ്പം. ആശയപരമായ ബോധ്യങ്ങളുടെ അഭാവത്തിൽ തന്നെ , ആപത്തിൽ സഹായിച്ചവരോടൊപ്പം അവർ ചേർന്ന് നിന്നെങ്കിൽ, അതിനവരെ എങ്ങനെ കുറ്റപ്പെടുത്തും.

ആദിവാസി ആവശ്യപ്പെടുന്നത് പരിഷത്തുകാർക്ക് കഴിഞ്ഞിരുന്നെങ്കിൽ, കുഷ്ഠരോഗിയുടെ വ്രണം കഴുകി വൃത്തിയാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..
അവർ സ്വയ ബോധത്തിൻ്റെ ലഹരിയിൽ അത്രമേൽ മാറാതെ , മതാരോഹണം നടത്തുമായിരുന്നില്ല. അല്ലെങ്കിലും മാറാൻ മാത്രം ആദിവാസിക്കെന്ത് മതമാണൂള്ളത്.

ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തിൻ്റെ ഹൃദയമായ ജാതിവ്യവസ്ഥയ്ക്ക് എതിരെയുള്ള സമരമാണ് ഈ സാമൂഹിക പരിവർത്തനം. ഘർവാപ്പസിയുടെ രാഷ്ട്രീയത്തിന് ഇതിനെ മറികടക്കാൻ കഴിഞ്ഞില്ല.

ഇതുകൊണ്ടൊന്നും പരിവാരങ്ങൾ അടങ്ങിയിരുന്നില്ല. 2008 ആഗസ്ത് 24 ന് ഒറീസ അക്ഷരാർഥത്തിൽ കത്തിയെരിയുകയായിരുന്നു. കന്ധമാൽ ഗ്രാമം മുക്കാൽ ഭാഗവും ചുട്ടെരിക്കപ്പെട്ടു. കാടുകൾ ഇല്ലായിരുന്നെങ്കിൽ അന്ന് രാത്രി ഗ്രാമങ്ങൾ ശവങ്ങൾ കൊണ്ട് നിറയുമായിരുന്നു. ഇന്നും കന്ധമാൽ നീറി പുകയുകയാണ്. രക്തസാക്ഷികൾ കൂടുതലും ദളിതരും ആദിവാസികളും ആയിരുന്നു.എത്ര മറക്കാൻ ശ്രമിച്ചാലും മുടന്തിവരുന്ന ഓർമ്മകളിൽ നിന്ന് ചോര കുത്തിയൊഴുകുകയാണ്.

ഫാസിസത്തിൻ്റെ അലർച്ച ഇന്ത്യ ഒട്ടാകെ ഇന്നും നാം കേൾക്കുന്നു. പൗരത്വം നിഷേധിച്ചും കരിനിയമം നടപ്പിലാക്കിയും കള്ളക്കേസിൽ കുടുക്കിയും മർദകഭരണകൂടം ന്യൂനപക്ഷങ്ങളെയും ദലിതരെയും ആദിവാസി ഗോത്രസമൂഹങ്ങളെയും ചതച്ചരക്കുകയാണ്. ജനാധിപത്യം മെജോറിട്ടേറിയനിസത്തിന് വഴി മാറി.

അധീശത്വങ്ങൾ വ്യവഹാരങ്ങളെ കീഴടക്കുന്നു. രാഷ്ട്രീയ മേൽക്കോയ്മാ പ്രത്യയശാസ്ത്രം ജനാധിപത്യത്തിനകത്ത് ആധിപത്യ പ്രയോഗം നടത്തുന്നു. അധികാര പ്രമത്തതയുടെ വലതുപക്ഷ സ്വാഭാവം കയ്യാളുന്ന അതോറിട്ടേറിയൻ അൾട്രാനാഷണലിസം രാജ്യം ഭരിക്കുമ്പോൾ എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടത്.

തീവ്ര ദേശീയതയുടെ അടിത്തറയിൽ കെട്ടിപ്പൊക്കിയ ഭരണക്രമം, കാൽപ്പനീകവും കപടശാസ്ത്രീയവുമായ ദേശിയതാ വാദം, വംശീയസിദ്ധാന്തത്തിൻ്റെ നിറക്കൂട്ടിൽ ചാലിച്ച് അവതരിപ്പിക്കുന്ന ഇന്ത്യയിൽ സ്റ്റാൻ സ്വാമിമാരും ഫാദർ അരുൾദാസുമാരും ആവർത്തിക്കും.
ഗ്രാഹാമിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ സൂത്രാധാരകനും പ്രതിയുമായ പ്രതാപ് ചന്ദ്ര സാരംഗി കേന്ദ്രമന്ത്രിയായി. പ്രതികളെ പലരെയും പരോളിൽ പുറത്തിറക്കി.

ഗ്രഹാമിൻ്റെ കൊലപാതകത്തിൽ ഗ്ലാഡീസിൻ്റെ പ്രതികരണമാണ് മാനവികതയുടെ സന്ദേശം” എൻ്റെ ഭർത്താവിൻ്റെ ഘാതകരോട് ഞാൻ പൂർണ്ണമായി ക്ഷമിച്ചു, എനിക്ക് ആരോടും പരിഭവം ഇല്ല, അവർ ദൈവ സ്നേഹം അനുഭവിക്കട്ടെ.”

ഗ്ലാഡിസിൻ്റെ പ്രതികരണത്തെ ക്കുറിച്ച് സ്വാമി അഗ്നിവേസ് ടൈംസ് ഓഫ് ഇന്ത്യായിൽ ഇങ്ങനെ എഴുതി, ” ഗ്ലാഡീസിൻ്റെ വാക്കുകളിലൂടെ പ്രകടമായ ആത്മീക പരിവേഷം ദീർഘനാൾ നമ്മെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കും. ക്രിസ്ത്യാനിത്വം അതിൻ്റെ തനിമ വെളിപ്പെടുത്തുന്നത് ഇത്തരം വാക്കുകളിലൂടെയാണ്.”

ഭർത്താവിന്റെ മരണശേഷം ഗ്ലാഡിസ് മയൂർഭഞ്ച് വിട്ടുപോകാതെ ഇന്ത്യയിൽ തുടർന്നു.
2005 ൽ പത്മശ്രീ ലഭിച്ചു. ഈ തുകയാൽ അവർ പരിപാലിച്ചു വന്നിരുന്ന കുഷ്ഠ രോഗാലയം ഒരാശുപത്രിയാക്കി മാറ്റി. 2015 ൽ സാമൂഹ്യനീതിക്കായുള്ള മദർ തെരേസ മെമ്മോറിയൽ അവാർഡ് ലഭിച്ചു.

പ്രിയങ്കരനായ ഗ്രഹാം, ഫിലിപ്പ്, തിമോത്തി നിങ്ങളുടെ രക്തസാക്ഷിത്വം വെറുതെയാവില്ല.
പോരാട്ടത്തിൻ്റെ വഴികളിൽ ആ ഓർമ്മകൾ ഞങ്ങളെ തീഷ്ണമായി ജ്വലിപ്പിക്കും…
വർഗീയ കോമരങ്ങളെ, നിങ്ങൾക്ക് ഓർമ്മകളെ കരിയിച്ച് കളയാനാവില്ല…

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.