ഒക്ടോബര്‍ 7-ലെ ആക്രമണത്തിനുശേഷം 50,000 ത്തിലധികം യഹൂദര്‍ മാതൃരാജ്യത്തേക്കു തിരികെയെത്തി
യെരുശലേം: 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിനുശേഷം 50,000-ത്തിലധികം യഹൂദര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മാതൃരാജ്യമായ യിസ്രായേലിലേക്ക് പുതിയ കുടിയേറ്റക്കാരായി എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
അലിയ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രാലയത്തിന്റെയും ദി യഹൂദ ഏജന്‍സി ഫോര്‍ യിസ്രായേലിന്റെയും പിന്തുണയോടുകൂടിയാണ് ഇത്രയും പേര്‍ക്ക് വരാനായതെന്ന് യഹൂദ പുതുവത്സര ദിനമായ റോഷ് ഹഷാന-തിങ്കളാഴ്ച യഹൂദ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതിയ കുടിയേറ്റക്കാരില്‍ മൂന്നിലൊന്ന് പേരും 18-35 വയസ് പ്രായമുള്ള ചെറുപ്പക്കാരാണ് എന്നതാണ് പ്രത്യേകത.
കൂടാതെ യിസ്രായേല്‍ ഗവണ്മെന്റുമായി സഹകരിച്ച് നടപ്പിലാക്കുന്ന യഹൂദ ഏജന്‍സി പരിപാടിയായ മാസ യിസ്രായേല്‍ ജേര്‍ണിയിലൂടെ വിദേശത്തുള്ള യഹൂദ സമൂഹങ്ങളില്‍നിന്നുള്ള ഏകദേശം20,000 യുവാക്കള്‍ യിസ്രായേലില്‍ സന്നദ്ധ സേവനം നടത്താനും രാജ്യത്തെ ശക്തിപ്പെടുത്താനും എത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 7 മുതല്‍ ലോകമെമ്പാടും നടന്ന ആലിയ മേളകളില്‍ പതിനായിരക്കണക്കിനു യഹൂദര്‍ പങ്കെടുത്തിട്ടുണ്ട്. 60000 ത്തിലധികം ആളുകള്‍ ആലിയ ഫയലുകള്‍ തുറന്നു.