കോവിഡ് മഹാമരിയുടെ അവസ്ഥ ലോകത്തെ അറിയിച്ച റിപ്പോര്‍ട്ടര്‍ക്ക് വീണ്ടും തടവ്
ബീജിംഗ്: കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാനിലെ അവസ്ഥ ലോകത്തെ ആദ്യമായി അറിയിച്ച ചൈനീസ് മാധ്യമ പ്രവര്‍ത്തക ചാംഗ് ചാനിന് (42) വീണ്ടും നാല് വര്‍ഷത്തെ തടവു ശിക്ഷ.
വഴക്കുണ്ടാക്കുകയും, പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് വെള്ളിയാഴ്ച കോടതി ശിക്ഷിച്ചത്. 2020 ഡിസംബറില്‍ അറസ്റ്റിലായപ്പോഴും ഇതേ കുറ്റം ചുമത്തിയാണ് 4 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. 2024 മെയിലാണ് മോചിതയായത്.
2019 ഡിസംബറില്‍ കോവിഡ് പടരാന്‍ തുടങ്ങിയ വുഹാന്‍ നഗരത്തിലെ ലോക്ഡൌണ്‍ അവസ്ഥയുടെയും റിപ്പോര്‍ട്ട് നല്‍കിയത് ചാംഗ് ചാനായിരുന്നു.
ചാന്‍ തയ്യാറാക്കിയ അഭിമുഖങ്ങളുടെയും വീഡിയോകളുടെയും വാസ്തവം വുഹാനിലെ രോഗികള്‍ നിറഞ്ഞ ആശുപത്രികളെക്കുറിച്ചും വിജനമായ തെരുവുകളെക്കുറിച്ചും ലോകം ആദ്യമായി ഞെട്ടലോടെയാണ് കണ്ടത്.
ഇത് ചൈനീസ് ഭരണകൂടത്തെ അലോസരപ്പെടുത്തി. തുടര്‍ന്ന് ചാനിനെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു. ജയിലില്‍ നിരാഹാര സമരം നടത്തിയ ചാനിനെ കൈകള്‍ കെട്ടിയിട്ട് ബലമായി ഭക്ഷണം നല്‍കുകയായിരുന്നു.
കൃത്യമായ കുറ്റാരോപണം നടത്താതെയും വിശദീകരണത്തിനു തയ്യാറാകാതെയുമായിരുന്നു ചൈനീസ് ഭരണകൂടം ചാനിനെ നേരിട്ടത്.
ചാനിന്റെ മോചനത്തിനായി അന്താരാഷ്ട്ര മാധ്യമ സംഘടന ചൈനീസ് ഭരണകൂടത്തോട് ഇടപെടാന്‍ ആവശ്യപ്പെട്ടു.