കോവിഡ് കാലത്തെ ഫെയ്സ് മാസ്ക്കുകള്‍ വലിയ രാസമാലിന്യമായി മാറിയെന്ന് പഠനം
കോവിഡ് മഹാമാരി കാലത്ത് മനുഷ്യനെ മരണത്തിന്റെ ഹസ്തങ്ങളില്‍നിന്നും വിടുവിക്കുവാന്‍ ഏറെ സഹായിച്ച ഒന്നാണ് ഫെയ്സ് മാസ്ക്കുകള്‍. എന്നാല്‍ അത് ഇപ്പോള്‍ ഒരു വലിയ മാലിന്യ കൂമ്പാരമായി മാറിയെന്ന് പുതിയ പഠനം പറയുന്നു.
ഫെയ്സ് മാസ്ക്കുകളുടെ ഉപയോഗത്തിലുണ്ടായ ആധിക്യവും അതിന്റെ ശരിയായ സംസ്ക്കരണമില്ലായ്മയുമാണ് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷം വരുത്തുന്ന രീതിയില്‍ രാസമാലിന്യമായി മാറിയതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
മനുഷ്യനെ രക്ഷിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ട ടണ്‍ കണക്കിനു ഡിസ്പോസിബിള്‍ ഫെയ്സ് മാസ്ക്കുകള്‍ മൈക്രോപ്ളാസ്റ്റിക്കുകളും എന്‍ഡോക്രൈന്‍ ഡിസ്റെപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള രാസ അഡിറ്റീവുകള്‍ പുറത്തു വിടുന്നതായി ഗവേഷണത്തില്‍ കണ്ടെത്തി.
കോവിഡ് കാലത്ത് ലോകത്ത് ഏതാണ്ട് 129 ബില്യണ്‍ ഡിസ്പോസിബിള്‍ മാസ്ക്കുകള്‍ ഉപയോഗിച്ചതായാണ് കണക്കുകള്‍. ഇവയില്‍ ഭൂരിഭാഗവും പോളി പ്രഫൈല്‍, മറ്റ് പ്ളാസ്റ്റിക്കുകള്‍ എന്നിവകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുനരുപയോഗമാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ അവ റോഡുകളിലും തെരുവുകളിലും കടല്‍ തീരങ്ങളിലും ജലാശയങ്ങളിലും ഗ്രാമങ്ങളിലും മാലിന്യ കൂമ്പാരങ്ങളായി കുന്നുകൂടി.
കരയിലും വെള്ളത്തിലും ഡിസ്പോസിബിള്‍ മാസ്ക്കുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നു. പഠനം പറയുന്നു. ഫെയ്സ് മാസ്ക്കുകള്‍ എങ്ങനെ നിര്‍മ്മിക്കണം, ഉപയോഗിക്കണം, സംസ്ക്കരിക്കണം എന്നുള്ള കാര്യങ്ങളില്‍ പുനര്‍ വിചിന്തനം ആവശ്യമാണെന്ന് കോവന്‍ഡ്രി യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആഗ്രോ ഇക്കോളജി വാട്ടര്‍ ആന്‍ഡ് റെസലിയന്‍സിലെ പഠന ഗവേഷകനായ അന്ന ബെഗൂഷ് പറഞ്ഞു.