കെടുന്നതിനു മുമ്പെ കരിന്തിരി ആളിക്കത്തില്ലേ, അതുപോലെ നമ്മുടെ ജീവിതവും ഒന്ന് ആളിക്കത്തട്ടെ
റവ. ജോർജ് മാത്യു പുതുപ്പള്ളി
(Writer, Journalist, Preacher)
ഇതൊരു താത്വികമായ ജീവിതക്കുറിപ്പാണ്. ഈ നാളുകളിലെ ചിന്തയിൽനിന്നും അനുഭവങ്ങളിൽനിന്നും ഉരുത്തിരിഞ്ഞത്. താത്വികക്കുറിപ്പ് എഴുതാൻ ഞാനൊരു പ്രശസ്തനോ ആദർശപുരുഷനോ അല്ല, എങ്കിലും ജീവിതത്തെ ഒട്ടേറെ ഇഷ്ടപ്പെട്ട മനുഷ്യനാണ്.
ജീവിതം ദൈവത്തിന്റെ സ്നേഹസമ്മാനമായിരുന്നുവെന്ന് പൂർണമായി വിശ്വസിക്കുന്ന ഒരു സാധാരണക്കാരൻ.
ദൈവം എനിക്കു ഭൂമിയിൽ നൽകിയ ജീവിതം അതിമനോഹരമായിരുന്നു, പൂർണ്ണ വിജയമായിരുന്നു. ഒട്ടും നിരാശയോ കുറ്റബോധമോ ഇല്ല. എന്റെ അർഹതയ്ക്ക് അതീതമായ നന്മകളും സമാധാനവും സന്തോഷവും മഹാദൈവമായ യേശുകർത്താവ് നൽകി. മൂന്നു പതിറ്റാണ്ടിലേറെ യേശുവിനെ ലോകത്തിലെ നിരവധി രാജ്യങ്ങളിൽ ഞാൻ പ്രസംഗിച്ചു.
ഭൂമിയിൽ 66 വർഷം ജീവിക്കുവാൻ കർത്താവ് ഭാഗ്യം നൽകി. മക്കളെയും കൊച്ചുമക്കളെയും കാണുവാനും അവരുടെ കൂടെ ജീവിക്കുവാനും ഭാഗ്യമുണ്ടായി. ഒരിക്കലും ഒരുപാട് ആഗ്രഹങ്ങൾ ഇല്ലാതിരുന്ന വ്യക്തിയാണ് ഞാൻ. ഇപ്പോഴും അങ്ങനെ തന്നെ. ഒരു സാധാരണ വീട്ടിൽ താമസിക്കുന്നു. സാധാരണ വാഹനങ്ങളിൽ സഞ്ചരിക്കുന്നു. മൂന്നു നേരവും ദോശയും സാമ്പാറും കഞ്ഞിയും പയറും കഴിക്കുവാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു സസ്യാഹാരി.
ഓരോ ജന്മദിനം പിന്നിടുമ്പോഴും മരണത്തിന്റെ കാലൊച്ച എന്റെ അന്തരാത്മാവിൽ ഞാൻ ശ്രവിക്കുന്നു. മിക്ക ക്രിസ്തീയ മിഷനറിമാരും 60 വയസിലോ അതിനു മുൻപോ ഈ ഭൂമിയിൽനിന്നും കടന്നു പോയവരാണ്. അതു വച്ചു നോക്കുമ്പോൾ പിന്നെയും 6 വർഷം കൂടി ബോണസായി ഞാൻ ഈ ഭൂമിയിൽ ജീവിച്ചു കഴിഞ്ഞു. സ്വർഗത്തിലേക്കുള്ള മടക്കം എപ്പോൾ എന്നു ചോദിച്ചാൽ, ഇപ്പോൾ ആകാം, നാളെ ആകാം, എപ്പോൾ വേണമെങ്കിലും ആകാം, യേശു അറിയുന്നു എന്നതാണ് എന്റെ മറുപടി.
ജീവിതത്തെ വിലയിരുത്താൻ തക്കവണ്ണം ഞാൻ മഹാനോ പ്രശസ്തനോ ഒന്നുമല്ലെന്നറിയാം. എങ്കിലും എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ഞാൻ വലിയവനാണല്ലോ. ഒരു ‘ഗൃഹാതുരത’യ്ക്കു വേണ്ടി ജീവിതത്തെ ഞാനൊന്നു വിലയിരുത്തട്ടെ. ഭൂമിയിൽ ദൈവത്തിന്റെ സമ്മാനമായി ലഭിച്ച ജീവിതമല്ലേ, എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ജീവിതം.
പുതുപ്പള്ളിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനനം. മലയാളത്തിലെ എല്ലാ പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരന്തരമായി എഴുതുവാൻ ഭാഗ്യം ലഭിച്ചു. അമ്പത് പുസ്തകങ്ങൾ എഴുതി. ശ്രീമതി ഇന്ദിരാഗാന്ധി, ഇന്ത്യൻ പ്രസിഡന്റ് ഡോ. എം. ഹിദായത്തുള്ള, അമിതാബ് ബച്ചൻ തുടങ്ങി നിരവധി പ്രശസ്തരോട് സംസാരിക്കാൻ അവസരം ലഭിച്ചു. നിരവധി ടി വി ചാനലുകളിൽ പ്രോഗ്രാം ചെയ്തു. അനേക ലോകരാജ്യങ്ങളിൽ യേശുവിനെ പ്രസംഗിക്കാൻ ഇടയായി.
ഇതിൽ യേശുകർത്താവിനെ പ്രസംഗിക്കാൻ ഇടയായത് ഒഴിച്ചാൽ മറ്റൊന്നും തന്നെ വലിയ ആനക്കാര്യമല്ലെന്ന് എനിക്ക് അറിയാം. ഈ ഭൂമിയിൽ ആർക്കും എപ്പോൾ വേണമെങ്കിലും സിദ്ധിക്കാവുന്ന കാര്യങ്ങൾമാത്രം. ‘പൊങ്ങച്ചത്തിന്റെയും’ ‘തള്ളിന്റെയും’ ഗന്ധം ചിലരെങ്കിലും എന്റെ അക്ഷരങ്ങളിൽ മണത്തേക്കാം. ദയവായി ക്ഷമിക്കുക. എന്തെന്നാൽ എന്നെ സംബന്ധിച്ച് ഇതൊക്കെ വലിയ ആനക്കാര്യങ്ങളാണെന്ന് തോന്നിയതിനാൽ എളിമയുടെ മഷി പുരട്ടി എഴുതിയെന്നേയുള്ളൂ.
പൊങ്ങച്ചം തോന്നിക്കുന്ന നൂറായിരം കാര്യങ്ങൾ വേറെയുമുണ്ട്. ഫേസ്ബുക്ക് ഒരു പൊതു പ്ലാറ്റ്ഫോമായതിനാൽ അതൊക്കെ കടിഞ്ഞാണിട്ട് ഞാൻ ഒഴിവാക്കുന്നു. ഇതൊക്കെ വെറും മായയല്ലേ ? മണ്ണിൽ ഉപേക്ഷിച്ചിട്ടു മടങ്ങേണ്ടവ ? പിന്നെ ഉറക്കെ എഴുന്നേള്ളിച്ചിട്ട് എന്തു കാര്യം ? എങ്കിലും ജീവിതം എനിക്ക് ഏറ്റവും മനോഹരമായിരുന്നു. ഇത്ര മനോഹരമായ ജീവിതം ഭൂമി എന്ന കൊച്ചുഗ്രഹത്തിൽ അനുവദിച്ച മഹാദൈവമായ യേശുകർത്താവിനു കോടാനുകോടി നന്ദി.
ബാല്യ കൗമാര യൗവനങ്ങളിൽ ഞാൻ മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. ഇപ്പോൾ മരണം ഒരു യാഥാർത്ഥ്യമാണെന്ന് വ്യക്തമായി തിരിച്ചറിയുന്നു. ദൈവം കഴിഞ്ഞാൽ ഭൂമിയിൽ എനിക്ക് ഏറ്റവും വലിയ കടപ്പാട് സാലിയോടാണ്. ഒരു കഴുതയെപ്പോലെ പതിറ്റാണ്ടുകൾ എനിക്കു പൂർണ്ണമായി കീഴടങ്ങിയും എന്നെ സ്നേഹിച്ചും ജീവിച്ച പ്രിയപ്പെട്ടവളോട്. മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടുമൊക്കെ എനിക്ക് നിറയെ സ്നേഹമുണ്ട്.
മരണാനന്തരജീവിതത്തെക്കുറിച്ച് യേശുകർത്താവും വിശുദ്ധ ബൈബിളും എന്തുപറയുന്നുവോ അത് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. അതിൽ ലവലേശം സംശയമില്ല. മരണം കഴിഞ്ഞാൽ എന്തു സംഭവിക്കുമെന്നറിയാൻ ഒട്ടേറെ ആകാംക്ഷയുണ്ട്. സ്വർഗം എങ്ങനെയായിരിക്കുമെന്ന് അറിയാനും കുതൂഹലമുണ്ട്.
അതൊക്കെ യേശുകർത്താവ് സ്വപ്നത്തിൽ ഒന്നു വെളിപ്പെടുത്തിത്തന്നിരുന്നെങ്കിൽ എന്നു വെറുതെ മോഹിച്ചിട്ടുണ്ട്. എന്തായാലും കരിന്തിരി കെടുംമുമ്പെ ആളിക്കത്തുന്നതു പോലെ ഞാനും ഒന്ന് ആളിക്കത്തട്ടെ.
റവ. ജോർജ് മാത്യു പുതുപ്പള്ളി
(Writer, Journalist, Preacher)
(വാട്സ്ആപ്പ് : 98474 81080)

