ഭവന പ്രാര്‍ത്ഥനകള്‍ കുറയുന്നുവോ? (എഡിറ്റോറിയൽ)

ഭവന പ്രാര്‍ത്ഥനകള്‍ കുറയുന്നുവോ? (എഡിറ്റോറിയൽ)

Articles Breaking News Editorials

ഭവന പ്രാര്‍ത്ഥനകള്‍ കുറയുന്നുവോ? (എഡിറ്റോറിയൽ)

ഇന്റര്‍നെറ്റു സൌകര്യങ്ങളും, ടെലിവിഷന്‍സെറ്റും മൊബൈല്‍ ഫോണുകളുമൊക്കെ പ്രചാരം ലഭിക്കുന്നതിനു മുന്‍പുള്ള കാലങ്ങള്‍ കേരളത്തിലെ ക്രൈസ്തവര്‍ കൃത്യമായി രാത്രിവേളകളില്‍ കുടുംബപ്രാര്‍ത്ഥനകള്‍ നടത്തുമായിരുന്നു.

ഇന്നും ഈ അനുഭവം നിലനിര്‍ത്തുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ നല്ലൊരു വിഭാഗംപേരും നല്ല വീടും അടിസ്ഥാന സൌകര്യങ്ങളും ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെയായി സമ്പത്ത് ലഭിച്ചുകഴിഞ്ഞപ്പോള്‍ പതുക്കെ പതുക്കെ ദൈവത്തെ മറന്നുകളയാനിടയാകുന്നു.

സന്ധ്യ തുടങ്ങിയാല്‍ വീടിന്റെ ഗേറ്റും വാതിലുകളും നന്നായി അടച്ചു ചാരുകസേരകളിലും സോഫകളിലും ഇരുന്നും കിടന്നും തങ്ങളുടെ പതിവു പ്രോഗ്രാമുകളായ സീരിയലും റിയാലിറ്റിഷോകളും കണ്ട് കരഞ്ഞും ചിരിച്ചും ചിലവഴിക്കുന്നവര്‍ ധാരാളമാണ്.

മുതിര്‍ന്നവര്‍ മക്കളെപ്പോലും ഇത്തരം ചെയ്തികള്‍ക്ക് പ്രോത്സാഹനം ചെയ്യുന്നു. ഇതിനിടയില്‍ കുടുംബപ്രാര്‍ത്ഥനകളും ആരാധനകളും മറന്നുപോകുന്നു.

ദൈവംചെയ്ത നന്മകള്‍ അനുഗ്രഹങ്ങള്‍ ഓര്‍ക്കാന്‍ സമയം ചിലവിടാതെ ടെലിവിഷനിലെ കഥാപാത്രങ്ങളുടെ കണ്ണീരിനൊപ്പം പങ്കുചേരുന്നു. ഇതാണ് ഇന്ന് പല ക്രൈസ്തവ ഭവനങ്ങളിലും കണ്ടുവരുന്നത്.

സ്ഥിരം കണ്ടുവരുന്ന പരിപാടികള്‍ അതിന്റെ അന്ത്യംവരെ പ്രേക്ഷകര്‍ കാണുവാനുള്ള എല്ലാ തന്ത്രങ്ങളും പരിപാടി അവതരിപ്പിക്കുന്ന അവതാരകരും നിര്‍മ്മാതാക്കളും ചാനലുകാരും ഒരുക്കിവെച്ചിട്ടാണ് പരിപാടി തുടങ്ങുന്നത്. ഇത് മനസ്സിലാക്കാനുള്ളശേഷി ബുദ്ധിയില്ലാത്ത പലര്‍ക്കും കഴിയാതെ വരുന്നു.

നാളെ ഇതിന്റെ അവസാനം എന്തായിത്തീരുമെന്ന് അറിയുവാനുള്ള പ്രേക്ഷകരുടെ മനസ്സിനെ സാത്താന് നന്നായി അറിയാം. മനശാസ്ത്രപരമായി ജനങ്ങളുടെ മനസ്സും ഹൃദയവും വിലയ്ക്കുവാങ്ങിയ ചാനലുകാര്‍ പ്രേക്ഷകരെ രോഗികളാക്കുകയാണ് ചെയ്യുന്നത്.

ദു:ഖവും വേദനയും ആകാംഷകളും പ്രേക്ഷക മനസ്സുകളില്‍ കുത്തിനിറച്ച് തങ്ങളുടെ പോക്കറ്റ് വീര്‍പ്പിക്കുന്ന സ്പോണ്‍സേര്‍ഡ് കമ്പനിക്കാരും ചാനലുകാരും പാവം ജനങ്ങളെ വിഡ്ഡികളാക്കുകയാണ് ചെയ്യുന്നത്.

ഇതില്‍ നഷ്ടം ക്രൈസ്തവരായ ആളുകള്‍ക്ക് തന്നെയാണ്. കാരണം ദൈവസന്നിധിയില്‍ അല്പസമയമെങ്കിലും ഇരിക്കാന്‍ സന്മനസ്സു കാട്ടാത്ത ഇക്കൂട്ടര്‍ തങ്ങളുടെ ജീവിതം സ്വയം നാശത്തിലേക്കു നയിക്കുകയാണ്.

ടെലിവിഷനില്‍ നല്ല പരിപാടികളുമുണ്ട്. വാര്‍ത്തകള്‍, പ്രസംഗങ്ങള്‍, ഫീച്ചറുകള്‍, കാര്‍ഷികരംഗങ്ങള്‍, ആരോഗ്യരംഗം തുടങ്ങി പ്രയോജനമുള്ള നിരവധി പരിപാടികളുണ്ട്. ഇതൊക്കെ കാണുകതന്നെ ചെയ്യേണം. എന്നാല്‍ ടെലിവിഷനെ അന്ധമായി വിശ്വസിച്ച് ദൈവമക്കള്‍ക്കു യാതൊരു പ്രചോദനവും പ്രയോജനവും ഇല്ലാത്ത കച്ചവടപരിപാടികള്‍ക്കായി ദൈവത്തെ മറന്നു സദാസമയവും ടിവിക്കു മുന്‍പില്‍ ഇരിക്കുന്ന സ്വഭാവം നല്ലതല്ല. ദൈവത്തിനു തന്നെ ആദ്യം മുന്‍തൂക്കം നല്‍കണം.

കുടുംബപ്രാര്‍ത്ഥനകളും ആരാധനയും കഴിഞ്ഞിട്ടുമതി മറ്റു കാര്യങ്ങള്‍. അത് നാം ശീലമാക്കേണം. സങ്കീര്‍ത്തനക്കാരനായ ദാവീദ് ആ മാതൃക നമുക്കു മുന്‍പായി കാണിച്ചുതന്നു. “”യഹോവേ, നിങ്കലേക്കു ഞാന്‍ മനസ്സുയര്‍ത്തുന്നു, എന്റെ ദൈവമേ നിന്നില്‍ ഞാന്‍ ആശ്രയിക്കുന്നു”” (സങ്കീ.25:1,2).
പാസ്റ്റര്‍ ഷാജി. എസ്.