രാജസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ ബില്ലിനു അംഗീകാരം നല്‍കി
ജയ്പൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ ബില്ലിന് അംഗീകാരം നല്‍കി രാജസ്ഥാന്‍ മന്ത്രി സഭ. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനു ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ ബില്‍ പാസ്സാക്കിയത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ യോഗമാണ് ബില്ലിനു അംഗീകാരം നല്‍കിയത്. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം.
അനധികൃത മതപരിവര്‍ത്തനം തടയാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ പറഞ്ഞു. ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ ബലപ്രയോഗത്തിലൂടെയോ നിര്‍ബന്ധത്തിലൂടെയോ മതം മാറ്റുന്നത് ബില്‍ തടയും.
അത്തരത്തിലുള്ള മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ഒരു വ്യക്തി വിവാഹം കഴിച്ചാല്‍ ആ വിവാഹം റദ്ദാക്കാന്‍ പുതിയ ബില്‍ കുടുംബ കോടതിക്ക് അംഗീകാരം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധമായ മതപരിവര്‍ത്തനം തടയുന്നതിനുള്ള ബില്‍ വിവിധ ലംഘനങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്.
കൂടാതെ നിയമത്തില്‍ ജാമ്യമില്ലാ കുറ്റങ്ങളടക്കം വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും പാര്‍ലമെന്ററി കാര്യമന്ത്രി ജോഗറാം പട്ടേല്‍ പറഞ്ഞു.
ഒരാള്‍ മതംമാറാന്‍ താല്‍പ്പര്യപ്പെടുന്നുവെങ്കില്‍ 60 ദിവസം മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കണണെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
തുടര്‍ന്ന് നടക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണോ അല്ലയോ എന്ന് ജില്ലാ മജിസ്ട്രേറ്റ് പരിശോധിക്കും.
ഇത് നിര്‍ബന്ധിതമോ പ്രലോഭനമോ അല്ലെന്ന് കണ്ടെത്തിയാല്‍ മാത്രമേ അപേക്ഷകനെ മുന്നോട്ടു പോകാന്‍ അനുവദിക്കുകയുള്ളുവെന്നും ജോഗറാം പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

