തേനിന്റെ ഔഷധ ഗുണങ്ങളും പ്രത്യേകതയും
തേന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. അതുകൊണ്ട് ഇതിന്റെ ഔഷധ ഗുണങ്ങള്‍കൂടി അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്.
തേനില്‍ ജീവകം ബി, ജീവകം സി, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ചെമ്പ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. കുട്ടികള്‍ക്ക് പല്ല് മുളച്ച് തുടങ്ങുമ്പോള്‍ മോണ വേദന അനുഭവപ്പെടാറുണ്ട്.
ഇടയ്ക്കിടെ മോണയില്‍ ഒന്നോ, രണ്ടോ തുള്ളി തേന്‍ പുരട്ടിയാല്‍ വേദന മാറിക്കിട്ടും. ഉറക്കക്കുറവുള്ളവര്‍ കിടക്കുന്നതിനു മുമ്പ് ഒരു ഗ്ളാസ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ സുഖനിദ്രലഭിക്കുമത്രെ.
കുരുമുളകും അതിന്റെ ഇരട്ടി ചുക്കും പൊടിച്ച് തേനില്‍ ചേര്‍ത്ത് ദിവസവും നാലഞ്ച് പ്രാവശ്യം നാവില്‍ തൊട്ട് നുണച്ചിറക്കിയാല്‍ ദിവസങ്ങള്‍ക്കകം ചുമയും കഫശല്യവും മാറിക്കിട്ടും.
ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പലതവണ കവിള്‍കൊള്ളുകയാണെങ്കില്‍ പല്ല് വേദന ഇല്ലാതാകും. അമിത വണ്ണം കുറച്ച് ശരീരം മെലിയാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു നാരങ്ങാ പിഴിഞ്ഞ് തുല്യ അളവില്‍ തേനും ചേര്‍ത്ത് വെറും വയറ്റില്‍ തുടര്‍ച്ചയായി കഴിക്കുക.
തേനും വെണ്ണയും ചേര്‍ന്ന മിശ്രിതം മുറിവുകളിലും, ചതവുള്ള ഭാഗങ്ങളിലും, വ്രണങ്ങളിലും തേയ്ക്കുകയാണെങ്കില്‍ മുറിവുകളും വ്രണങ്ങളും ഉണങ്ങിക്കിട്ടും.

