സമയം തക്കത്തില്‍ ഉപയോഗിക്കുക

സമയം തക്കത്തില്‍ ഉപയോഗിക്കുക

Articles Breaking News Editorials

സമയം തക്കത്തില്‍ ഉപയോഗിക്കുക

ഒരു കടല്‍ത്തീരത്തു ചെന്നു നോക്കിയാല്‍ ചിലര്‍ നന്നായി അദ്ധ്വാനിക്കുന്നു. മറ്റു ചിലര്‍ നോക്കി നില്‍ക്കുന്നു. ചില ക്രൈസ്തവരും ഇതേ വിഭാഗക്കാരാണ്. മീന്‍ പിടുത്തക്കാരന്റെ സ്വഭാവവും, വെറുതെ നോക്കി നില്‍ക്കുന്ന വ്യക്തിയുടെ സ്വഭാവവും പൊതുവെ പ്രകടിപ്പിക്കുന്നവരാണ് ക്രൈസ്തവരില്‍ നല്ലൊരു ശതമാനവും.

ചിലര്‍ കര്‍ത്താവിനുവേണ്ടി ആത്മാര്‍ത്ഥമായി വേല ചെയ്യുന്നു. എന്നാല്‍ മറ്റു ചിലര്‍ അലസന്മാരായി കൈയ്യുംകെട്ടി നോക്കി നില്‍ക്കുന്നു. അവര്‍ പരിഹസിക്കുകയും കുറ്റം വിധിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ മടിയന്മാരാണ്, അവര്‍ ദൈവത്തിനു യാതൊരു പ്രയോജനവും ഇല്ലാത്തവരായി കഴിയുന്നു.

വ്യക്തിപരമായും കുടുംബപരമായും സമ്പത്തും പദവികളുമൊക്കെ ഇക്കൂട്ടര്‍ക്ക് ഉണ്ടായിരിക്കാം. അവര്‍ അതിന്റെ നന്മകള്‍ സ്വയം അനുഭവിച്ചറിയുന്നു. എന്നാല്‍ ഈ ലോകജീവിതം അസ്തമിക്കുവാന്‍ പോകുന്നു. കര്‍ത്താവിന്റെ വരവ് അതിനു മുന്നോടിയായി നടക്കും എന്നും ഗൌനിക്കാതെ പൂര്‍ണ്ണ അലസന്മാരായി കഴിയുന്ന ഇവരെ ദൈവം വെറുക്കുന്നു.

ജീവിതത്തില്‍ സംതൃപ്തി യും സമാധാനവും ലഭിക്കാതെ നിരാശരായി കഴിയുന്നവര്‍ക്കും കഷ്ടതയും രോഗവും അലട്ടിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്കും യാതൊരു ആശ്രയവും സഹായവും ലഭിക്കാതെ കഴിയുമ്പോള്‍ അവരെ സഹായിക്കുകയും ശരിയായ മാര്‍ഗ്ഗം കാണിച്ചുകൊടുക്കേണ്ട ബാധ്യതയും ഇവിടുത്തെ ക്രൈസ്തവ ജനതയ്ക്കുണ്ട്.

പാപത്തിനടിമപ്പെട്ട് ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന പതിനായിരക്കണക്കിന് ജനവിഭാഗങ്ങള്‍ക്ക് പാപമോചനവും രക്ഷയും പകര്‍ന്നു കിട്ടുവാന്‍ വഴിയൊരുക്കിക്കൊടുക്കേണ്ട സുവിശേഷവേലക്കാര്‍ പലരും ഇന്ന് സ്തബ്ധരായി നില്‍ക്കുന്നതു കാണുമ്പോള്‍ ലജ്ജതോന്നുന്നു.

മറുഭാഗത്ത് നൂറുകണക്കിന് കര്‍ത്താവിന്റെ എളിയ ദാസന്മാര്‍ രാപകലെന്യേ കര്‍ത്താവിനുവേണ്ടി പൂര്‍ണ്ണമായും ചിലര്‍ ഭൌതിക ജോലിയോടൊപ്പം തന്നെ സുവിശേഷ വേലയും ചെയ്യുന്നു.

അവരുടെ ആത്മാര്‍ത്ഥതയും പ്രവര്‍ത്തനങ്ങളും ദൈവം മാനിക്കും. തീര്‍ച്ചയായും അവര്‍ക്കു പ്രതിഫലം ലഭിക്കും. ഇങ്ങനെയുള്ള ശുഷ്ക്കാന്തിയുള്ള ദൈവദാസന്മാരുടെ പ്രവര്‍ത്തനം മൂലമാണ് അനേകര്‍ ദിനംപ്രതി കര്‍ത്താവിനെ കണ്ടുമുട്ടുന്നത്.

ഇങ്ങനെ ആത്മാര്‍ത്ഥതയുള്ള ദൈവദാസന്മാരെ പ്രോത്സാഹിപ്പിക്കുവാനും കൈയ്യും കെട്ടി നില്‍ക്കുന്ന ക്രൈസ്തവര്‍ ആത്മാര്‍ത്ഥമായി മുന്നോട്ടു വരണമെന്നാണ് അഭ്യര്‍ത്ഥിക്കുവാനുള്ളത്. യേശു ഗലീലകടല്‍പ്പുറത്തുകൂടി സഞ്ചരിച്ചപ്പോള്‍ കടലില്‍ വലവീശുന്നവരേയും വല നന്നാക്കുന്നവരേയുമൊക്കെ കണ്ടുമുട്ടി.

അവരെ തിരഞ്ഞെടുത്തതിന്റെ ഉദ്ദേശം കഠിനാദ്ധ്വാനികളെയാണ് സുവിശേഷവേലയ്ക്കാവശ്യമെന്നു തോന്നിയതുകൊണ്ടാണ്. (മത്തായി 4:18-21). അല്ലാതെ കടല്‍പ്പുറത്ത് വെറുതെ കാറ്റുകൊണ്ടിരുന്നവരെയല്ല യേശു വിളിച്ചത്.

അപ്പോസ്തോലനായ പൌലോസ് തെസ്സലോനിക്യയില്‍ ശുശ്രൂഷിച്ചുകൊണ്ടിരുന്നപ്പോള്‍ ഫിലിപ്യയിലെ വിശ്വാസികള്‍ തന്നെ സാമ്പത്തികമായി സഹായിച്ച കാര്യത്തിന് തന്റെ ലേഖനത്തിലൂടെ നന്ദി പറയുന്നു.

(ഫിലി. 4:16). അദ്ധ്വാനിക്കുന്നവരെയാണ് ദൈവത്തിനാവശ്യം. പൌലോസ് തെസ്സലോനിക്യ സഭയ്ക്കെഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്ന ഒരു വാചകം നാം ഏറ്റെടുത്തേ മതിയാകു. “വേല ചെയ്യാന്‍ മനസ്സില്ലാത്തവന്‍ തിന്നുകയുമരുത്”. (2 തെസ്സ.3:10) ഈ വാക്യം നമ്മുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തട്ടെ.
പാസ്റ്റര്‍ ഷാജി. എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.