യേശുവിന്റെ ക്രൂശീകരണത്തെ ചിത്രീകരിച്ച സ്വര്‍ണ്ണ നാണയം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു
1500 വര്‍ഷങ്ങള്‍ക്കു മുമ്പ് ബൈസെന്റൈന്‍ കാലഘട്ടത്തില്‍ ഉയോഗിച്ചിരുന്ന സ്വര്‍ണ്ണ നാണയമാണ് യിസ്രായേല്‍ ആന്റിക്വിറ്റി അതോറിട്ടിയുടെ ഗവേഷകര്‍ മണ്ണിനടയില്‍നിന്നും കണ്ടെടുത്തത്.
യിസ്രായേല്‍ തലസ്ഥാന നഗരിയായ ടെല്‍ അവീവിന്റെ സമീപത്തത്തുള്ള ഹാമത്ത് ഹാ- ഷാരോണ്‍ റീജണില്‍ നടത്തിയ ഉല്‍ഖനനത്തിനിടയിലാണ് ഈ അപൂര്‍വ്വ നാണയം കണ്ടെത്തിയത്.
ബൈസെന്റൈന്‍ കാലഘട്ടത്തില്‍ ഇവിടം കൃഷി-വ്യാവസായിക പ്രവര്‍ത്തന മേഖലയായിരുന്നു. മൊസൈക്ക് പാകിയ പാതയും കണ്ടെത്തി. നാണയം കണ്ടെടുത്ത സ്ഥലം ഒരു പണ്ടകശാലയോ ഫാം ഷെഡ്ഡോ ആയിരിക്കാമെന്ന് ഉല്ഖനനത്തിനു നേതൃത്വം നല്കിയ ഡോ. യോവ് ആര്ബെന് അഭിപ്രായപ്പെടുന്നു.
തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്ക്കിടയില്നിന്നും നാണയത്തോടൊപ്പം സംഭരണ ഭരണികള്‍ , പാചക കുടങ്ങള്‍ എന്നിവയും കണ്ടെടുത്തു. ആയതിനാല്‍ ഇവിടം തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന സ്ഥലമായിരിക്കാമെന്നാണ് നിഗമനം. ഇവിടത്തെ നിര്‍മ്മാണ കല്ലുകള്‍ ഗോലാന്കുന്നുകളില്നിന്നും ഗലിലയില്നിന്നും കൊണ്ടുവന്നതായിരുന്നു.
നാണയം എഡി 638 ലോ 639 ലോ ബൈസെന്റാന് ചക്രവര്‍ത്തിയായിരുന്ന ഹെറാക്ളിയസിന്റെ കാലത്ത് ഉപയോഗിച്ചിരുന്നതായിരിക്കാമെന്നാണ് കരുതുന്നത്.
നാണയത്തിന്റെ ഒരു വശത്ത് സാമ്രാജ്യത്തിന്റെ ചിത്രവും മറുവശത്ത് ഗോല്ഗോഥായിലെ ക്രൂശീകരണ ചിത്രവുമാണ് വര്‍ണ്ണിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ഒരു ക്രൈസ്തവ താമസ മേഖലയായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
അതുപോലെ ഒരു വെങ്കല ചെയിനും കണ്ടെത്തിയിട്ടുണ്ട്. വിളക്കിന്റെ ഹോള്‍ഡറായി ഉപയോഗിച്ചിരുന്നതാണെന്നാണ് കരുതുന്നത്.

