രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിനു പാസ്റ്റര്‍മാര്‍ക്ക് 9 മാസം തടവു ശിക്ഷ

Breaking News Top News USA

രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിനു പാസ്റ്റര്‍മാര്‍ക്ക് 9 മാസം തടവു ശിക്ഷ
സാവന്നഖേത്ത്: രോഗിയായ സ്ത്രീക്കുവേണ്ടി പ്രാര്‍ത്ഥിച്ചു എന്ന കുറ്റം ആരോപിച്ച് ലാവോസില്‍ 5 പാസ്റ്റര്‍മാര്‍ക്ക് കോടതി 9 മാസം ജയില്‍ശിക്ഷ വിധിച്ചു.

 

സാവന്നഖേത്ത് പ്രവിശ്യയിലെ സായിസബൂണ്‍ സ്വദേശിനിയായ ഒരു സ്ത്രീ കഴിഞ്ഞ ജൂണില്‍ മരിച്ചിരുന്നു. ഇവര്‍ വര്‍ഷങ്ങളായി രോഗബാധിതയായിരുന്നു. രക്ഷിക്കപ്പെട്ടു സഭായോഗത്തിനു വന്നിരുന്ന ഇവര്‍ക്കുവേണ്ടി വനിതാ പാസ്റ്റര്‍ കൈതങ് ഖൌഫായിസായിയും വിവിധ സഭകളിലെ 4 പാസ്റ്റര്‍മാരും വിശ്വാസികളും പ്രാര്‍ത്ഥിച്ചിരുന്നു. സ്ത്രീ മരിച്ചു കഴിഞ്ഞപ്പോള്‍ ചില ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ജൂണില്‍ പോലീസില്‍ പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് പോലീസ് അഞ്ചു പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തിരുന്നു.

 

‘ചികിത്സ അറിയാത്ത ഡോക്ടര്‍മാര്‍ ‍’ എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. സാവന്നഖേത്തിലെ ജനകീയ കോടതി ഫെബ്രുവരി 12ന് അഞ്ചു പാസ്റ്റര്‍മാര്‍ക്ക് തടവുശിക്ഷയും, അഞ്ചു പേര്‍ക്കുംകൂടി മൊത്തം 1836 യു.എസ്. ഡോളര്‍ പിഴയും ചുമത്തി. കൂടാതെ മരിച്ച സ്ത്രീയുടെ ശവസംസ്ക്കാരത്തിനു ചെലവായി എന്ന പേരില്‍ 612 യു.എസ്. ഡോളറും പിഴയിട്ടിട്ടുണ്ട്.

 

ശിക്ഷിക്കപ്പെട്ട പാസ്റ്റര്‍മാര്‍ അറസ്റ്റു ചെയ്യപ്പെട്ട നാള്‍ മുതല്‍ ജയിലില്‍ കഴിയുകയാണ്. പാസ്റ്റര്‍ കൈതങ്ങിനെ കൂടാതെ പുഫറ്റ്, മുക്ക്, ഹസാദി, തിയാങ് എന്നിവരാണ് മറ്റു പാസ്റ്റര്‍മാര്‍ ‍.

Leave a Reply

Your email address will not be published.